ബാലകൃഷ്ണ ആരാധകനെ തല്ലി; അദ്ദേഹം തൊട്ടതില്‍ അഭിമാനമെന്ന് ആരാധകന്‍

തന്‍റെ മണ്ഡലമായ ഹിന്ദുപുരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ബാലകൃഷ്ണ.

Update: 2021-03-07 11:31 GMT

തെലുങ്ക് സിനിമാതാരവും എംഎല്‍എയുമായ ബാലകൃഷ്ണ പല തവണ ആരാധകരോടും മാധ്യമപ്രവര്‍ത്തകരോടും മോശമായി പെരുമാറിയതിന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്‍റെ ആരാധകന്‍ കൂടിയായ ഫോട്ടോഗ്രാഫറെ തല്ലുന്ന വീഡിയോ വൈറലാവുകയാണ്.

തന്‍റെ മണ്ഡലമായ ഹിന്ദുപുരില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ബാലകൃഷ്ണ. അതിനിടെ സോമു എന്നയാള്‍ ബാലകൃഷ്ണയുടെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. അനുമതിയില്ലാതെ വീഡിയോ എടുത്തെന്ന് ആരോപിച്ചാണ് ബാലകൃഷ്ണ സോമുവിനെ തല്ലിയത്. ബാലകൃഷ്ണ സോമുവിനോട് കയര്‍ക്കുകയും രണ്ട് തവണ അടിക്കുകയും ചെയ്തു.

Advertising
Advertising

ബാലകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ അടി കിട്ടിയ ആരാധകന്‍ സോമു തന്നെ വിശദീകരണവുമായി വന്നു. താന്‍ ബാലയ്യയുടെ കടുത്ത ആരാധകനാണ്. രാവിലെ മുതല്‍ രാത്രി 8 മണി വരെ അദ്ദേഹത്തിന്‍റെ എല്ലാ പരിപാടിയിലും പങ്കെടുത്തു. അവസാനം ബാലയ്യ സഹോദരന്‍റെ വീട്ടിലെത്തിയപ്പോള്‍ ആരാധകനാണെന്ന് അറിയാതെ തന്നെ തള്ളിമാറ്റുകയായിരുന്നു. എന്‍ബികെ ഫാന്‍സിനെ സംബന്ധിച്ച് ഇതൊന്നും ഒരു പ്രശ്നമല്ല. അദ്ദേഹം തന്നെ തൊട്ടതില്‍ അഭിമാനമുണ്ട്. ജയ് ബാലയ്യ, ജയ് ടിഡിപി എന്നും സോമു പറഞ്ഞു.

അതേസമയം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ബാലകൃഷ്ണക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്ക് ജനപ്രതിനിധിയായിരിക്കാന്‍ അവകാശമില്ലെന്ന് വൈഎസ്ആര്‍സി നേതാക്കള്‍ പ്രതികരിച്ചു. മുന്‍പ് സെല്‍ഫി എടുത്ത ആരാധകനെ ബാലകൃഷ്ണ തല്ലുകയുണ്ടായി. യുവനടന്‍ അങ്കിള്‍ എന്ന് വിളിച്ചതിന്‍റെ പേരില്‍ ചിത്രത്തിന്‍റെ ഓഡിയോ റിലീസില്‍ മോശമായി പെരുമാറിയതും വാര്‍ത്തയായിരുന്നു.

Full View
Tags:    

Similar News