124 വര്‍ഷങ്ങള്‍ക്ക് ശേഷം മീററ്റ് കോളേജിന് ഒരു വനിതാ പ്രിന്‍സിപ്പാള്‍

Update: 2017-04-21 18:16 GMT
Editor : admin | admin : admin
124 വര്‍ഷങ്ങള്‍ക്ക് ശേഷം മീററ്റ് കോളേജിന് ഒരു വനിതാ പ്രിന്‍സിപ്പാള്‍

കോളേജിന്റെ 124 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രിന്‍സിപ്പാള്‍ ചുമതലയേറ്റിരിക്കുകയാണ് ബി കുമാറിലൂടെ.

1971ല്‍ മെന്‍സ് കോളേജായ മീററ്റ് കോളേജില്‍ ആദ്യത്തെ വിദ്യാര്‍ഥിനി ആയിട്ടായിരുന്നു ബി കുമാര്‍ ആദ്യം ചരിത്രം കുറിച്ചത്. പിന്നീട് 45 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കോളേജിന്റെ പുരുഷ ചരിത്രം മാറ്റിയെഴുതുകയാണ് ബി കുമാര്‍. കോളേജിന്റെ 124 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രിന്‍സിപ്പാള്‍ ചുമതലയേറ്റിരിക്കുകയാണ് ബി കുമാറിലൂടെ.

1892ലാണ് മീററ്റ് കോളേജ് സ്ഥാപിതമാകുന്നത്. ചൌധരി ചരണ്‍ സിംഗ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഏറ്റവും മികച്ച കോളേജുകളില്‍ ഒന്നു കൂടിയാണ് മീററ്റ് കോളേജ്. അന്ന് തൊട്ടിന്നു വരെ ഒരു വനിതയും കോളേജിന്റെ പ്രിന്‍സിപ്പാള്‍ കസരേയിലിരുന്നിട്ടില്ല. പൂര്‍വ്വ വിദ്യാര്‍ഥിനിയും 1975ല്‍ കൊമേഴ്സ് അധ്യാപികയായി കോളേജില്‍ ജോലി ചെയ്തിട്ടുള്ള ബി കുമാര്‍ അവരുടെ പ്രിന്‍സിപ്പാളാകുമ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കുകയാണ് കുട്ടികളും സഹഅധ്യാപകരും.

Advertising
Advertising

1971ല്‍ ബി കോം വിദ്യാര്‍ഥിനിയായിട്ടായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ബി കുമാറിന്റെ കോളേജിലേക്കുള്ള വരവ്. പിന്നീട് എംകോമും ഇവിടെ തന്നെയായിരുന്നു. എല്ലാ ബാച്ചുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നത് താനായിരുന്നുവെന്ന് ബി കുമാര്‍ ഓര്‍ക്കുന്നു. ഇതിനിടയില്‍ പിഎച്ച്ഡിയും കുമാര്‍ കരസ്ഥമാക്കി. രണ്ട് പെണ്‍മക്കളുടെ മാതാവ് കൂടിയായ കുമാറിന്റെ ഭര്‍ത്താവ് ഡോക്ടറാണ്. ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്ന് താന്‍ തെളിയിച്ചു കൊടുക്കുമെന്ന് കുമാര്‍ പറഞ്ഞു.കുമാറിന്റെ സഹോദരനും കോളേജിലെ പ്രൊഫസറായിരുന്നു.

ഇന്ന് കോളേജില്‍ നിരവധി പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കായി കോളേജ് ക്യാമ്പസില്‍ ഒരു ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോസ്റ്റല്‍ എപ്പോഴും നേരിട്ടുള്ള നിരീക്ഷണത്തിലാണെന്ന് കുമാര്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News