പലിശരഹിത വായ്പകളായും നീരവിന് പണം; അക്കൌണ്ടിലേക്കെത്തിയത് കോടികള്‍

Update: 2018-04-26 09:28 GMT
പലിശരഹിത വായ്പകളായും നീരവിന് പണം; അക്കൌണ്ടിലേക്കെത്തിയത് കോടികള്‍

ഇതിന് പുറമെ വിദേശത്തെ ബന്ധുക്കള്‍ വന്‍തോതില്‍ കോടികള്‍ വിലവരുന്ന സമ്മാനങ്ങള്‍ നീരവിന് നല്‍കിയതും അന്വേഷണവിധേയമാക്കും.

പലിശരഹിത വായ്പകളായും സമ്മാനങ്ങളായും നീരവ് മോദിയുടെ അക്കൌണ്ടിലേക്കെത്തിയത് കോടികള്‍. വിദേശങ്ങളില്‍‍ നിന്നടക്കമെത്തിയ ഇത്തരം സമ്മാനങ്ങള്‍ സംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.

സാധാരണഗതിയില്‍ ആഭരണ ഇടപാടുകളില്‍ വിദേശത്തു നിന്നുള്ള ഓര്‍ഡറിന് കമ്പനികളുടെ അക്കൌണ്ടിലേക്ക് പണം മുന്‍കൂര്‍ നല്‍കുക പതിവാണ്. എന്നാല്‍ നീരവ് മോദിയുടെ കേസില്‍ ഇത്തരത്തിലുള്ള ഓര്‍‍ഡറുകള്‍ക്ക്, നീരവിന്‍റെ സ്വന്തം അക്കൌണ്ടിലേക്ക് നീരവ് പാര്‍ട്ണറായ കമ്പനി പണം മാറ്റിയതാണ് ആദായ നികുതി വകുപ്പിന് സംശയം നല്‍കുന്നത്. മൌറീഷ്യസ്, സിങ്കപ്പൂര്‍, സൈപ്രസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ ഓര്‍ഡറുകള്‍ വന്നത്. ഇതില്‍ ഭൂരിഭാഗവും പലിശരഹിത വായ്പയായാണ് മാറ്റിയത്. 2008 മുതല്‍ 2010 വരെയുള്ള രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തില്‍ 92 കോടി രൂപ പലിശരഹിത വായ്പയായി നീരവിന് ഡയമണ്ട് ആര്‍ യുവേഴ്സ് എന്ന സ്വന്തം കമ്പനി നല്‍കിയിട്ടുണ്ട്.

ഐടി നിയമപ്രകാരം ബിസിനസ് ആവശ്യത്തിനായി വാങ്ങുന്ന വായ്പകള്‍ അതിന് മാത്രമേ ഉപയോഗിക്കാവൂവെന്നിരിക്കെയായിരുന്നു ഇത്. നീരവിന്‍റെ സ്ഥാപനങ്ങളുടെ ആദായ നികുതി റെക്കോര്‍ഡുകളില്‍ വ്യാപകമായ അപാകതകളും ആദായ നികുതി വകുപ്പിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന് പുറമെ വിദേശത്തെ ബന്ധുക്കള്‍ വന്‍തോതില്‍ കോടികള്‍ വിലവരുന്ന സമ്മാനങ്ങള്‍ നീരവിന് നല്‍കിയതും അന്വേഷണവിധേയമാക്കും.

Tags:    

Similar News