ജയലളിതയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം പെറുവില്‍ നിന്നുള്ളത്

Update: 2018-05-04 06:31 GMT
Editor : Subin
ജയലളിതയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം പെറുവില്‍ നിന്നുള്ളത്
Advertising

മലയാളത്തിലേയും കന്നഡയിലേയും ചില മാധ്യമങ്ങള്‍ ഈ ചിത്രം ജയലളിതയുടേതെന്ന പേരില്‍ വാര്‍ത്ത നല്‍കിയിരുന്നു.

നീല പുതപ്പുകൊണ്ട് കഴുത്തുവരെ മൂടി വെന്റിലേറ്ററില്‍ കിടക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ജയലളിതയുടേതെന്ന പേരില്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒറ്റനോട്ടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടേതെന്ന് തോന്നിപ്പിക്കുന്ന ഈ ചിത്രം ജയലളിതയുടേതല്ലെന്നും പെറുവില്‍ 2009ല്‍ എടുത്തതാണെന്നുമാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജപ്രചരണങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചത്. തമിഴ്‌നാട്ടിലും പുറത്തും ഈ ചിത്രത്തിന് വലിയതോതില്‍ പ്രചാരം ലഭിച്ചു. എന്നാല്‍ ഈ ചിത്രം എടുത്തത് 2009 ആഗസ്ത് 20ന് പെറുവില്‍ വെച്ചാണെന്നാണ് ലഭ്യമാകുന്ന വിവരം. ലിമയിലെ എസ്‌സലൂദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ദൃശ്യങ്ങളാണിത്. ചിത്രത്തില്‍ ഒരു ഭാഗത്ത് ആശുപത്രിയുടെ പേര് വ്യക്തമാണ്. പെറുവിലെ റോച്ചെസ്റ്റര്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഈ ചിത്രം എടുത്തത്. എസ്‌സലൂദ് ആശുപത്രിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അധികൃതരുടെ അനുമതിയോടെ എടുത്ത നിരവധി ചിത്രങ്ങളിലൊന്നാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്.

മലയാളത്തിലേയും കന്നഡയിലേയും ചില മാധ്യമങ്ങള്‍ ഈ ചിത്രം ജയലളിതയുടേതെന്ന പേരില്‍ വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 22നാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ പ്രവേശിപ്പിച്ചത്. പനിയേയും നിര്‍ജലീകരണത്തെയും തുടര്‍ന്ന് അവശനിലയിലാണ് ജയലളിതയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നാല് മെഡിക്കല്‍ ബുള്ളറ്റിനുകള്‍ മാത്രമാണ് അസുഖവിവരം അറിയിച്ചുകൊണ്ട് പുറത്തുവിട്ടത് എന്നത് നിരവധി അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.

ശനിയാഴ്ച്ച ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ജയലളിത സുഖം പ്രാപിക്കുന്നുവെന്ന് അറിയിച്ചിരുന്നു. അതേസമയം സര്‍ക്കാര്‍ സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജയലളിത മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എഐഎഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും ജയലളിതയെ കാണുന്നുണ്ടെന്നും പാര്‍ട്ടി അറിയിച്ചു. ജയലളിതയെ പ്രവേശിപ്പിച്ചതിന് ശേഷം അപ്പോളോ ആശുപത്രിക്കകത്തേയും പുറത്തേയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആശുപത്രിക്ക് പുറത്ത് ആയിരക്കണക്കിന് എഐഎഡിഎംകെ പ്രവര്‍ത്തകരാണ് അസുഖവിവരം അറിയാനായി എത്തുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News