'ടിപ്പു ഭീരുവാണ്, കോട്ടയ്ക്കുള്ളിലാണ് മരിച്ചത്': രാഷ്ട്രപതിയെ തള്ളി ബിജെപി എംപി

Update: 2018-05-04 07:44 GMT
Editor : Sithara
'ടിപ്പു ഭീരുവാണ്, കോട്ടയ്ക്കുള്ളിലാണ് മരിച്ചത്': രാഷ്ട്രപതിയെ തള്ളി ബിജെപി എംപി
Advertising

ടിപ്പുവിന്‍റേത് വീരചരമമാണെന്നാണ് രാഷ്ട്രപതി പറഞ്ഞത്. വീരന്‍മാര്‍ യുദ്ധരംഗത്താണ് പൊരുതി മരിക്കുക. ഭീരുവായ ടിപ്പു കോട്ടയ്ക്കുള്ളിലാണ് മരിച്ചതെന്ന് ബിജെപി എംപി പ്രതാപ് സിംഹ

ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. ടിപ്പുവിന്‍റേത് വീരചരമമാണെന്നാണ് രാഷ്ട്രപതി പറഞ്ഞത്. എന്നാല്‍ ടിപ്പു വീരനായകനൊന്നുമല്ല എന്നാണ് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ അഭിപ്രായം. വീരന്‍മാര്‍ യുദ്ധരംഗത്താണ് പൊരുതി മരിക്കുക. ഭീരുവായ ടിപ്പു കോട്ടയ്ക്കുള്ളിലാണ് മരിച്ചതെന്ന് പ്രതാപ് സിംഹ ട്വീറ്റ് ചെയ്തു.

ടിപ്പു സുല്‍ത്താന്റെ യുദ്ധതന്ത്രങ്ങളെയും രാഷ്ട്രപതി പ്രകീര്‍ത്തിക്കുകയുണ്ടായി. ടിപ്പുവിന്‍റെ മൈസൂര്‍ റോക്കറ്റ് സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാര്‍ ഉപയോഗപ്പെടുത്തിയെന്നായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. എന്നാല്‍ മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത് ടിപ്പുവാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം മൂന്നാമത്തെയും നാലാമത്തെയും ആംഗ്ലോ - മൈസൂര്‍ യുദ്ധത്തില്‍ പരാജയപ്പെട്ടു, എന്തുകൊണ്ട് മിസൈല്‍ ഉപയോഗിച്ചില്ല എന്ന് പ്രതാപ് സിംഹ ചോദിക്കുന്നു.

കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ തീരുമാനിച്ചതോടെയാണ് എതിര്‍പ്പുമായി ബിജെപി രംഗത്തെത്തിയത്. അക്രമിയും കൊലപാതകിയും സ്ത്രീകളെ ബലാത്സംഗം ചെയ്തവനുമായ ടിപ്പുവിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി അനന്ദ കുമാര്‍ ഹെഡ്ഗെ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയുണ്ടായി. എന്നാല്‍ രാഷ്ട്രപതിയുടെ പരാമര്‍ശം ബിജെപിക്ക് തിരിച്ചടിയായി. കര്‍ണാടക നിയമസഭയുടെ വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഷ്ട്രപതി ടിപ്പുവിനെ പ്രകീര്‍ത്തിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News