എത്ര അവഹേളിച്ചാലും രാജ്യം വിടില്ല; മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് വധ്ര

Update: 2018-05-13 06:40 GMT
Editor : admin
എത്ര അവഹേളിച്ചാലും രാജ്യം വിടില്ല; മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് വധ്ര

മോദി സര്‍ക്കാര്‍ എത്ര അവഹേളിച്ചാലും ഈ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വധ്ര വ്യക്തമാക്കി

തന്‍റെ വളര്‍ച്ചയ്ക്ക് പ്രിയങ്കയുടെ സഹായം വേണ്ടെന്ന് റോബര്‍ട്ട് വധ്ര. തനിക്ക് ആവശ്യത്തിനുള്ളത് മാതാപിതാക്കള്‍ നല്‍കിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ എത്ര അവഹേളിച്ചാലും ഈ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വധ്ര വ്യക്തമാക്കി. വധ്രയുടെ ഹരിയാനയിലെ ഭൂമി ഇടപാട് സംബന്ധിച്ച അന്വേഷണം പുരോഗമിക്കവെയാണ് പ്രതികരണം.

രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച ചോദ്യത്തിന് ഒരിക്കലും ഉണ്ടാവില്ലെന്ന് പറയുന്നില്ല എന്നായിരുന്നു പ്രതികരണം. തനിക്ക് എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയും എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ രാഷ്ട്രീയത്തിലിറങ്ങൂ. ഉത്തരവാദിത്വത്തെ കുറിച്ചും ഏത് കുടുംബത്തില്‍പ്പെട്ടയാളാണ് താന്‍ എന്നതിനെ കുറിച്ചും ഉത്തമ ബോധ്യമുണ്ട്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നും വധ്ര പറഞ്ഞു.

രാജ്യസ്നേഹത്തെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലാണെന്നും ഒരു സാഹചര്യത്തിലും ഇന്ത്യ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും വധ്ര വ്യക്തമാക്കി. സര്‍ക്കാര്‍ എത്ര തന്നെ സമ്മര്‍ദ്ദം ചെലുത്തിയാലും താന്‍ നാട് വിടില്ല. അതൊക്കെ അതിജീവിക്കാനുള്ള കരുത്തുണ്ട്. തനിക്ക് കുടുംബത്തിന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടെന്നും മക്കളാണ് തന്‍റെ ശക്തിയെന്നും വധ്ര പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News