യാത്രക്കാര്‍ ഒരുപാട് ഉറങ്ങേണ്ട... പുതിയ നിയമവുമായി റെയില്‍വെ

Update: 2018-05-18 01:24 GMT
Editor : Alwyn K Jose
യാത്രക്കാര്‍ ഒരുപാട് ഉറങ്ങേണ്ട... പുതിയ നിയമവുമായി റെയില്‍വെ

മിഡില്‍, ലോവര്‍ ബര്‍ത്തുകളിലെ യാത്രക്കാരുടെ ഉറക്കമാണ് റെയില്‍വെ വെട്ടിക്കുറച്ച് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.

ട്രെയിനിലെ യാത്രക്കാരുടെ ഉറക്കസമയം വെട്ടിക്കുറിച്ച് ഇന്ത്യന്‍ റെയില്‍വെ. മിഡില്‍, ലോവര്‍ ബര്‍ത്തുകളിലെ യാത്രക്കാരുടെ ഉറക്കമാണ് റെയില്‍വെ വെട്ടിക്കുറച്ച് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.

റെയില്‍വെ ബോര്‍ഡ് പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് റിസര്‍വേഷന്‍ ബോഗികളിലെ യാത്രക്കാര്‍ക്ക് രാത്രി പത്തു മണി മുതല്‍ രാവിലെ ആറ് വരെയാണ് ഉറങ്ങാന്‍ കഴിയുക. മറ്റു സമയം ലോവര്‍ ബര്‍ത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൌകര്യം ഉറപ്പാക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതുവരെ രാത്രി 9 മുതല്‍ രാവിലെ ആറ് വരെയായിരുന്നു ഉറങ്ങാന്‍ അനുവദിച്ചിരുന്ന സമയം. ആഗസ്റ്റ് 31 നാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതേസമയം, ചില പ്രത്യേക സാഹചര്യങ്ങളില്‍ യാത്രക്കാരില്‍ ഒരു വിഭാഗത്തിന് ഇളവുകളുമുണ്ട്. ലോവര്‍ ബര്‍ത്തിലേയോ മിഡില്‍ ബര്‍ത്തിലേയോ യാത്രക്കാര്‍ അസുഖബാധിതരോ, വൈകല്യമുള്ളവരോ, ഗര്‍ഭിണികളോ ആയാല്‍ അവര്‍ക്ക് കൂടുതല്‍ സമയം ഉറങ്ങാനുള്ള അനുവാദമുണ്ട്. അനുവദനീയമായ സമയത്തില്‍ കൂടുതല്‍ ഉറങ്ങുന്ന യാത്രക്കാര്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് റെയില്‍വേ ഉറക്ക സമയക്രമം സംബന്ധിച്ച് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News