കേജ്‍രിവാളിനെ പാവപ്പെട്ട കക്ഷിയായി കണക്കാക്കും, ഫീസ് വാങ്ങില്ലെന്ന് ജഠ്മലാനി
ജെയ്റ്റ്‍ലിയുമായി താരതമ്യം ചെയ്യുന്പോള്‍ രാഷ്ട്രീയത്തിലെ സംശുദ്ധിയുടെ പര്യായമാണ് കേജ്‍രിവാളെന്നും ഇത്തരം വ്യക്തികളെ പിന്തുണക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനായി പണം വാങ്ങാതെ വാദിക്കുമെന്ന് പ്രശസ്ത അഭിഭാഷകന്‍ രാംജഠ്മലാനി. പണക്കാരുടെ കയ്യില്‍ നിന്ന് മാത്രമെ താന്‍ ഫീസ് വാങ്ങാറുള്ളൂവെന്നും പാവപ്പെട്ട കക്ഷികളിലൊരാളായി കേജ്‍രിവാളിനെ കാണാന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഠ്മലാനിയുടെ ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കാനുള്ള നീക്കം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
കേജ്‍രിവാളിനായി സൌജന്യമായി വാദിക്കാന്‍ താന്‍ എന്നും ഒരുക്കമാണെന്നും കേജ്‍രിവാള്‍ തന്നെ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ബില്‍ അയച്ചുകൊടുത്തതെന്നും ജെഠ്മലാനി ചൂണ്ടിക്കാട്ടി. ജെയ്റ്റ്‍ലിയുമായി താരതമ്യം ചെയ്യുന്പോള്‍ രാഷ്ട്രീയത്തിലെ സംശുദ്ധിയുടെ പര്യായമാണ് കേജ്‍രിവാളെന്നും ഇത്തരം വ്യക്തികളെ പിന്തുണക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3.8 കോടി രൂപയുടെ ബില്ലാണ് ജഠ്മലാനി കേജ്‍രിവാളിന് നല്‍കിയിരുന്നത്. കേജ്‍രിവാളെന്ന വ്യക്തിക്കെതിരായല്ല ജെയ്റ്റ്‍ലി കേസ് നല്‍കിയതെന്നും മുഖ്യമന്ത്രിക്കെതിരെയാണെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ പണം വിനിയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് എഎപിയുടെ വാദം.