2ജി സ്പെക്ട്രം: രാജയും കനിമൊഴിയുമടക്കം എല്ലാവരെയും വെറുതെവിട്ടു

Update: 2018-05-28 20:47 GMT
2ജി സ്പെക്ട്രം: രാജയും കനിമൊഴിയുമടക്കം എല്ലാവരെയും വെറുതെവിട്ടു

കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രത്യേക സിബിഐ കോടതി വ്യക്തമാക്കി.

വിവാദമായ 2 ജി സ്പെക്ട്രം അഴിമതി കേസില്‍ കുറ്റക്കാരായ മുന്‍ ടെലികോം മന്ത്രി എ രാജയും കനിമൊഴിയും അടക്കമുള്ള എല്ലാവരെയും വിചാരണ കോടതി വെറുതെവിട്ടു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രത്യേക സിബിഐ കോടതി വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസില്‍ ഒറ്റവരിയിലായിരുന്നു വിചാരണകോടതി ജഡ്ജി ഓ പി സെയ്നിയുടെ വിധിപ്രസ്താവം. രാജയും കനിമൊഴിയുമടക്കമുളള 17 പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതായി വിധിപ്രസ്താവത്തില്‍ പറയുന്നു. വിധിയുടെ മറ്റ് വിശദാംശങ്ങളിലേക്ക് കോടതി കടന്നില്ല. സിബിഐ രജിസ്റ്റര്‍ ചെയ്ത രണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയത് ഒരു കേസിലുമാണ് ഈ വിധി. വിധികേള്‍ക്കാന്‍ എ രാജയും കനിമൊഴിയും ദയാമ്മാളുമടക്കമുള്ള പ്രതികളെല്ലാം കോടതിയിലെത്തിയിരുന്നു. ഒപ്പം നൂറുകണക്കിന് ഡിഎംകെ പ്രവര്‍ത്തകരും.

2 ജി സ്പെക്ട്രം ലേലം ചെയ്തതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടാണ് കേസിനാസ്പദമായത്. ഇതിലൂടെ പ്രതികള്‍ കോടികള്‍ സമ്പാദിച്ചെന്ന് അന്വേഷണ ഏജന്‍സികളും കണ്ടെത്തിയിരുന്നു.

Tags:    

Similar News