വൃക്ക വ്യാപാരം: ഡല്‍ഹി അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയാ ലൈസന്‍സ് റദ്ദാക്കി

Update: 2018-05-29 22:16 GMT
Editor : Sithara

ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ലൈസന്‍സ് കെജ്‍രിവാള്‍ സര്‍ക്കാര്‍ താത്കാലികമായി റദ്ദാക്കി.

ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ലൈസന്‍സ് കെജ്‍രിവാള്‍ സര്‍ക്കാര്‍ താത്കാലികമായി റദ്ദാക്കി. ജനുവരി 5 വരെയാണ് ലൈസന്‍സ് റദ്ദാക്കിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്ക റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് ലൈസന്‍സ് റദ്ദാക്കിയത്.

ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത 40 രോഗികളുടെ ചികിത്സ തുടരാം. എന്നാല്‍ ജനുവരി അഞ്ച് വരെ പുതിയ രജിസ്ട്രേഷന് അനുമതിയില്ല. ഒരു മാസം ശരാശരി 15 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ അപ്പോളോ ആശുപത്രിയില്‍ നടക്കുന്നുണ്ട്.

Advertising
Advertising

ശസ്ത്രക്രിയാ ലൈസന്‍സ് റദ്ദാക്കിയതിനെതിരെ ആശുപത്രി മാനേജ്മെന്‍റ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. ആശുപത്രിയിലെ ജീവനക്കാര്‍ ആരും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ 2016 ജൂണില്‍ സീനിയര്‍ നെഫ്രോളജിസ്റ്റിന്‍റെ രണ്ട് പേഴ്സണല്‍ സെക്രട്ടറിമാരെയും മൂന്ന് ഇടനിലക്കാരേയും കിഡ്നി റാക്കറ്റിലുള്‍പ്പെട്ടതിന്‍റെ പേരില്‍ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

രാജ്യത്തെ നിയമമനുസരിച്ച് വളരെ അടുത്ത ബന്ധമുള്ളവരുടെ വൃക്കകള്‍ യോജിക്കാതെ വന്നാല്‍ പുറത്തുനിന്ന് സ്വീകരിക്കാം. പക്ഷേ പണമിടപാടോ സമ്മര്‍ദ്ദമോ പാടില്ല. എന്നാല്‍ പാവപ്പെട്ടവരെ പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വൃക്ക വില്‍ക്കാന്‍ ആശുപത്രിയിലെത്തിക്കുന്ന സംഘം പ്രവര്‍ത്തുക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. വൃക്ക ആവശ്യമുള്ളവരില്‍ നിന്ന് 50 ലക്ഷം വരെ കൈക്കലാക്കിയ ശേഷം ഇടനിലക്കാര്‍ പാവപ്പെട്ട വൃക്കദാതാക്കള്‍ക്ക് നാല് ലക്ഷത്തില്‍ താഴെ മാത്രം നല്‍കിയത് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇങ്ങനെ വൃക്ക നല്‍കിയവരില്‍ പലരും സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. എന്നാല്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ വൃക്ക ദാനം അനുവദിക്കാറുള്ളൂവെന്നാണ് ആശുപത്രിയുടെ വാദം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News