ബാങ്ക് വായ്പ തട്ടിപ്പ്: പീയുഷ് ഗോയല്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

Update: 2018-05-29 06:40 GMT
Editor : Sithara
ബാങ്ക് വായ്പ തട്ടിപ്പ്: പീയുഷ് ഗോയല്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ഗോയല്‍ മേധാവിയായിരുന്ന ഷിര്‍ദി ഇന്‍ഡസ്ട്രീസ്, ഇന്‍റര്‍കോം പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വായ്പ തിരിച്ചടക്കാത്തത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. ഗോയല്‍ മേധാവിയായിരുന്ന ഷിര്‍ദി ഇന്‍ഡസ്ട്രീസ്, ഇന്‍റര്‍കോം പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വായ്പ തിരിച്ചടക്കാത്തത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ഷിര്‍ദി ഇന്‍ഡസ്ട്രീസ് കമ്പനിയുമായി പീയുഷ് ഗോയലിനും കുടുംബത്തിനും ഉളള ബന്ധം വ്യക്തമാക്കുന്നതാണ് കോണ്‍ഗ്രസ് പുറത്തുവിട്ട തെളിവുകള്‍.

Advertising
Advertising

ഷിര്‍ദി ഇന്‍റസ്ട്രീസ് ലിമിറ്റഡില്‍ നിന്നും 1.59 കോടി വായ്പ കൈപ്പറ്റിയ ഇന്‍റര്‍കോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പൂര്‍ണമായും പീയുഷ് ഗോയലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മകനും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളാണ് കമ്പനി നടത്തിപ്പുകാര്‍. 2005-06 കാലഘട്ടത്തില്‍ ഒരു ലക്ഷം രൂപ മൂലധനമാക്കിയാണ് ഇന്റര്‍കോം പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ചത്. 2007-17 കാലയളവില്‍ സമ്പാദ്യത്തെ പറ്റി വെളിപ്പെടുത്താതിരുന്ന കമ്പനിയുടെ നിലവിലെ സമ്പാദ്യം 30 കോടിയാണ്.

650 കോടി വായ്പയെടുത്ത ഷിര്‍ദി ഇന്‍ഡസ്ട്രിയല്‍ കമ്പനി 35 ശതമാനം തുക മാത്രമാണ് തിരിച്ചടച്ചത്. സമാന തട്ടിപ്പ് നടത്തിയ അസീസ് പ്ലെവുഡ് ലിമിറ്റഡ്, അസീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, അസീസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങി ഷിര്‍ദി കമ്പനിയുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം ഒരേ ഇമെയില്‍ ഐഡിയാണ് ഉള്ളതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News