പീഢനത്തിന് തെളിവായത് പത്തുവയസുകാരി വരച്ച ചിത്രം

Update: 2018-06-02 09:56 GMT
പീഢനത്തിന് തെളിവായത് പത്തുവയസുകാരി വരച്ച ചിത്രം
Advertising

കുട്ടിയുടെ മാനസികാവസ്ഥയുടെ പ്രതിഫലനമായി വേണം ചിത്രത്തെ കണക്കാക്കാനെന്നാണ് വിചാരണ കോടതി ജഡ്ജി വിനോദ് യാദവ് വ്യക്തമാക്കിയത്...

സ്വന്തം അമ്മാവനാല്‍ പത്തുവയസുകാരി പീഢിപ്പിക്കപ്പെട്ടുവെന്ന് കോടതിയെ ബോധ്യപ്പെടുത്തിയത് കുട്ടി വരച്ച ചിത്രം. ഡല്‍ഹി വിചാരണകോടതിയാണ് പത്തുവയസുകാരി രണ്ട് വര്‍ഷം മുമ്പ് വരച്ചചിത്രം തെളിവായി കണക്കാക്കി കുറ്റക്കാരനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

കൊല്‍ക്കത്തയില്‍ നിന്നുള്ള കുട്ടി തന്റെ അമ്മായിക്കും അമ്മാവനുമൊപ്പം ഡല്‍ഹിയിലാണ് കഴിഞ്ഞിരുന്നത്. അമ്മാവനായ അക്തര്‍ അഹമ്മദ് കുട്ടിയ നിരവധി തവണ ലൈംഗികമായി പീഢിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ജൂണില്‍ കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത്ര ചെറിയ കുട്ടിയുടെ മൊഴിവിശ്വാസ്യയോഗ്യമല്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ഇതേ തുടര്‍ന്ന് പെണ്‍കുട്ടി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രയോണ്‍സില്‍ വരച്ച ചിത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ ചിത്രമാണ് കേസില്‍ നിര്‍ണ്ണായകമായത്. ചിത്രത്തില്‍ അനാഥമായ വീടിനടുത്ത് ബലൂണുകളുമായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ട്. അകലെ മലകള്‍ക്കിടയിലൂടെ സൂര്യനും ഊരിക്കളഞ്ഞ കുഞ്ഞുടുപ്പുമെല്ലാം ചിത്രത്തിലുണ്ട്. ഇരുണ്ട നിറങ്ങളുപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. കുട്ടിയുടെ മാനസികാവസ്ഥയുടെ പ്രതിഫലനമായി വേണം ചിത്രത്തെ കണക്കാക്കാനെന്നാണ് വിചാരണ കോടതി ജഡ്ജി വിനോദ് യാദവ് വ്യക്തമാക്കിയത്. സ്വന്തം അനുഭവങ്ങള്‍ വിവരിക്കാന്‍ പ്രാപ്തയായി ഇതോടെ കുട്ടിയെ കണക്കാക്കാമെന്ന നിഗമനത്തില്‍ കോടതി എത്തുകയായിരുന്നു.

മാതാവ് മരിച്ചതിനെ തുടര്‍ന്ന് മദ്യപാനിയായ പിതാവ് ഉപേക്ഷിച്ചതോടെയാണ് എട്ടുവയസില്‍ കുട്ടി അനാഥയാകുന്നത്. 2014 നവംബറില്‍ കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ബസില്‍ നിന്നും പൊലീസ് കണ്ടെത്തിയ കുട്ടിയെ പിന്നീട് അമ്മായിയും അമ്മാവനും ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. കഠിനമായ വീട്ടുജോലിയും ലൈംഗിക പീഢനങ്ങളുമായിരുന്നു അവിടെ കുട്ടിയെ കാത്തിരുന്നിരുന്നത്. പീഢനങ്ങള്‍ അസഹ്യമായപ്പോള്‍ പെണ്‍ കുട്ടി വീട് വിട്ട് ഒളിച്ചോടി.

പൊലീസ് പിടിയിലായ പെണ്‍കുട്ടി ബാലാവകാശ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സലിംങിനിടെയാണ് പീഢന വിവരം പുറത്തു പറയുന്നത്. പെണ്‍കുട്ടി ലൈംഗികപീഢനത്തിന് ഇരയായ വിവരം മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് കീഴിലുള്ള ബാല മന്ദിരത്തില്‍ കഴിയുന്ന കുട്ടി ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ദുരനുഭവങ്ങള്‍ മറികടന്ന് പെണ്‍കുട്ടിക്ക് പോകാനാകുമെന്നും നല്ല ഭാവി അവളെ കാത്തിരിക്കുന്നുവെന്നുമാണ് ബാലാവകാശ പ്രവര്‍ത്തകയും കുട്ടിയുടെ അഭിഭാഷകയുമായ ചന്ദ്ര സുമന്‍ കുമാര്‍ പറഞ്ഞു.

Tags:    

Similar News