ബോളിവുഡ് താരം വിനോദ് ഖന്ന അന്തരിച്ചു

Update: 2018-06-05 21:48 GMT
Editor : Sithara
ബോളിവുഡ് താരം വിനോദ് ഖന്ന അന്തരിച്ചു

ചലച്ചിത്ര മേഖലയില്‍ സജീവമായപ്പോള്‍ തന്നെ രാഷ്ട്രീയത്തിലും നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നു വിനോദ് ഖന്ന

നടനും നിര്‍മാതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. 70 വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. 140ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പാകിസ്താനിലെ പെഷവാറില്‍ 1946ലായിരുന്നു ജനനം. 1968ല്‍ പുറത്തിറങ്ങിയ മന്‍ കാ മീതിലെ വില്ലന്‍ വേഷത്തിലൂടെയായിരുന്നു ഹിന്ദി സിനിമയിലെ അരങ്ങേറ്റം. തുടക്കത്തില്‍ വില്ലന്‍ റോളുകളിലൊതുങ്ങിയ വിനോദ് ഖന്ന 70കളായപ്പോഴേക്കും നായകനായി. ഹം തും ഓര്‍ ഹോ എന്ന ചിത്രം വിനോദ് ഖന്നയെ ശ്രദ്ധേയനാക്കി. തുടര്‍ന്ന് മേരെ അപ്നെ, ദയാവന്‍, ഇന്‍കാര്‍, അമര്‍ അക്ബര്‍ ആന്‍റണി, രാജ്പുത് തുടങ്ങി 140 ഓളം ചിത്രങ്ങള്‍.

80കളില്‍ തിരക്കേറിയ നായകനായി തിളങ്ങുന്ന സമയത്ത് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറി ഓഷോ രജനീഷിന്‍റെ ശിഷ്യനായി. 5 വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയില്‍. 2015ല്‍ പുറത്തിറങ്ങിയ ദില്‍വാലെയാണ് അവസാന ചിത്രം.

97ല്‍ ബിജെപിയില്‍ ചേര്‍ന്ന വിനോദ് ഖന്ന മൂന്ന് തവണ എംപിയായി. 99ല്‍ കേന്ദ്രമന്ത്രിയായി. നിലവില്‍ പഞ്ചാബിലെ ഗുരുദാസ് പൂരില്‍ നിന്നുള്ള എംപിയാണ് . ബോളിവുഡ് താരങ്ങളായ അക്ഷയ് ഖന്ന, രാഹുല്‍ ഖന്ന ഉള്‍പ്പെടെ നാല് മക്കളുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News