സുഷമ സ്വരാജിനെതിരെ സൈബര്‍ ആക്രമണം; ട്വിറ്റര്‍ വോട്ടെടുപ്പില്‍ വന്‍ ജനപിന്തുണ

സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിന് എതിരായ ട്വിറ്റര്‍ വോട്ടെടുപ്പില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വന്‍ ജനപിന്തുണ. ഇന്ന് രാത്രി 10 മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്.

Update: 2018-07-01 11:30 GMT

സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിന് എതിരായ ട്വിറ്റര്‍ വോട്ടെടുപ്പില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വന്‍ ജനപിന്തുണ. ഇന്ന് രാത്രി 10 മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുന്നത്.

പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ മതം മാറണമെന്ന് ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയതിന് പിന്നാലെയായിരുന്നു സുഷമ സ്വരാജ് സൈബര്‍ ആക്രമണത്തിന് ഇരയായത്. മുസ്‍ലിം പ്രീണനം നടത്തുകയാണെന്ന് ആരോപിച്ചാണ് സുഷമ സ്വരാജ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണത്തിന് ഇരയായത്. കടുത്ത ആക്ഷേപങ്ങളാണ് ട്രോളെന്ന പേരില്‍ പ്രചരിച്ചത്.

ഇതോടെയാണ് ഇത്തരത്തിലുള്ള നടപടികള്‍ അംഗീകരിക്കുന്നുണ്ടോ എന്നാരാഞ്ഞ് സുഷമ സ്വരാജ് ട്വിറ്ററില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം തുടങ്ങിയ വോട്ടെടുപ്പില്‍ ഇത് വരെ ഒരു ലക്ഷത്തോളം പേര്‍ പ്രതികരിച്ചു. ഇതില്‍ 57 ശതമാനം പേരും സുഷമ സ്വരാജിനെ പിന്താങ്ങി. നേരത്തെ മുസ്‍ലിം പ്രീണനം നടത്തുന്ന സുഷമ സ്വരാജിനെ വീട്ടിലെത്തുമ്പോള്‍ അടിക്കണമെന്നും മുസ്‍ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പഠിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന ട്വീറ്റ് ഭര്‍ത്താവ് സ്വരാജ് കൌശാല്‍ റീ ട്വീറ്റ് ചെയ്തിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും എതിരെ സൈബര്‍ ആക്രമണത്തിനായി സംഘപരിവാര്‍ വളര്‍ത്തിയ സംഘങ്ങള്‍ നേതൃത്വത്തിന്റെ കൈവിട്ട് പോവുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മിശ്ര വിവാഹിതരായ ദമ്പതികളിലൊരാളോട് പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഹിന്ദു മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയതോടെയാണ് സുഷമ സ്വരാജിന് എതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. അതിനിടെ മന്ത്രിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്.

Tags:    

Similar News