രാഹുലിന്റെ പ്രസംഗത്തിന്റെ ഊര്‍ജത്തില്‍ പ്രതിപക്ഷം; പ്രതീക്ഷിച്ചതിനെക്കാള്‍ പിന്തുണ കിട്ടിയ ആവേശത്തില്‍ സര്‍ക്കാര്‍

മോദി സർക്കാരിനെതിരായ ആദ്യത്തെ അവിശ്വാസ പ്രമേയത്തിന് ശേഷം പാര്‍ലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും.

Update: 2018-07-23 04:12 GMT
Advertising

മോദി സർക്കാരിനെതിരായ ആദ്യത്തെ അവിശ്വാസ പ്രമേയത്തിന് ശേഷം പാര്‍ലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും. പ്രമേയം പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഭയിൽ നടത്തിയ പ്രസംഗത്തിന്‍റെ ഊര്‍ജം പ്രതിപക്ഷത്തിന് കൂട്ടാകും. എന്നാല്‍ നിലവിലെ എന്‍ഡിഎ അംഗസംഖ്യയേക്കാള്‍ അധിക വോട്ടിന് പ്രമേയം തള്ളിയതിന്‍റെ കരുത്ത് സര്‍ക്കാര്‍ നിലപാടുകളില്‍ വ്യക്തമാകും.

എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന പിന്തുണച്ചില്ലെങ്കിലും രണ്ടര ഇരട്ടിയില്‍ അധികം വോട്ടിന് അവിശ്വാസ പ്രമേയം തള്ളിയതിന്‍റെ ആത്മവിശ്വാസത്തിലാകും സര്‍ക്കാര്‍ ഇന്ന് സഭയിലെത്തുക. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് ബിജെപി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രസംഗത്തിനിടെ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തതിന് രാഹുല്‍ ഗാന്ധിക്ക് എതിരെ ഭരണപക്ഷം രംഗത്ത് എത്തിയേക്കും. ഇന്ത്യയില്‍ മുസ്‍ലിംകളേക്കാള്‍ സുരക്ഷിതരാണ് പശുക്കള്‍ എന്ന ശശി തരൂരിന്റെ ലേഖനവും ഭരണപക്ഷം ആയുധമാക്കും.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും ലോക്സഭയില്‍ സര്‍ക്കാരിനെ തുറന്ന് കാട്ടാനായെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ റാഫേല്‍ ഇടപാടിന് മാത്രം മറുപടി പറഞ്ഞ് പതിവ് ശൈലിയില്‍ പ്രധാനമന്ത്രി മുന്നോട്ട് പോയതിന് പിന്നില്‍ ഇതാണെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കണക്ക് കൂട്ടുന്നു. ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം സഭയില്‍ ഉന്നയിച്ചതിന് ശേഷവും രാജസ്ഥാനിലെ ആല്‍വാറില്‍ ആൾക്കൂട്ട കൊലപാതകം ഉണ്ടായ സംഭവം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

പൊതുതെരഞ്ഞെടുപ്പും മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തില്‍‌ അവിശ്വാസ പ്രമേയത്തിൽ ഉന്നയിച്ച വിഷയങ്ങള്‍ക്കാകും പ്രതിപക്ഷം ഊന്നല്‍ നല്‍കുക.

Tags:    

Writer - സി.ഐ.സി.സി ജയചന്ദ്രന്‍

Writer, Publisher

Editor - സി.ഐ.സി.സി ജയചന്ദ്രന്‍

Writer, Publisher

Web Desk - സി.ഐ.സി.സി ജയചന്ദ്രന്‍

Writer, Publisher

Similar News