ജയ്റ്റ്‍ലിക്ക് രാഹുലിന്റെ മറുപടി: റാഫേൽ അഴിമതി വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന് നന്ദി

റാഫേൽ വിമാന ഇടപാട് അഴിമതി ആരോപണത്തിൽ കോൺഗ്രസ്റ്റ് കുട്ടികളെ പോലെയാണ് തർക്കിക്കുന്നതെന്ന കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുൽ

Update: 2018-08-30 02:40 GMT

റാഫേൽ വിമാന ഇടപാട് അഴിമതി ആരോപണത്തിൽ ഒരിടവേളയ്ക്ക് ശേഷം ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. കരാറിൽ കോൺഗ്രസ്റ്റ് കുട്ടികളെ പോലെയാണ് തർക്കിക്കുന്നതെന്ന കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. അഴിമതി അന്വേഷണം എന്തുകൊണ്ട് സംയുക്ത പാർലമെൻററി സമിതിക്ക് വിടുന്നില്ലെന്ന് രാഹുൽ ചോദിച്ചു. വിഷയത്തിൽ യൂത്ത് കോൺഗ്രസ്റ്റ് ഇന്ന് പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും.

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസി ആയ എഎന്‍ഐ ക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ കോൺഗ്രസ്സിനെയും രാഹുൽ ഗാന്ധിയെയും അരുൺ ജയ്റ്റ്ലി കടന്നാക്രമിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായത്.

Advertising
Advertising

സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധി, ഓരോ തവണയും പറയുന്ന അഴിമതി തുക വ്യത്യസ്തം. വിമാന വിലയുടെ കാര്യത്തിൽ കുട്ടികളെ പോലെ തർക്കിക്കുന്നു. കരാർ സംബന്ധിച്ച് രാഹുൽ തികഞ്ഞ അജ്ഞൻ. കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ച് ദേശീയ സുരക്ഷയെ അപകടപ്പെടുത്തുകയാണന്നും ജെയ്റ്റ്‌ലി ആരോപിച്ചു. യുപിഎ കാലത്ത് കരാർ വൈകിപ്പിച്ചതെന്തിന്? ആരോപണത്തിൽ ഓരോ സമയവും വിമാന വില വ്യത്യസ്തമാകുന്നത് എങ്ങനെ? തുടങ്ങി രാഹുലിനോട് 15 ചോദ്യങ്ങളും ജയ്റ്റലി ഉന്നയിച്ചു. രാഹുൽ വ്യത്യസ്ത അഴിമതി തുകകൾ പറയുന്ന പ്രസംഗങ്ങളുടെ വീഡിയോ പിന്നീട് ബിജെപി അധ്യക്ഷൻ അമിത് ഷാ പുറത്ത് വിട്ടു.

റാഫേൽ അഴിമതി വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന് ജയ്റ്റ്ലിക്ക് നന്ദി എന്നായിരുന്നു രാഹുലിന്റെ മറുപടി. അഴിമതി അന്വേഷണം പാർലമെൻററി സമിതിക്ക് എന്തുകൊണ്ട് വിടുന്നില്ലെന്ന് പരിശോധിക്കണം. ജയ്റ്റലിയുടെ മുകളിലുള്ള നേതാവിന് അദ്ദേഹത്തിന്റെ സുഹൃത്തിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കാതെ കോൺഗ്രസ്റ്റ് അധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.

കരാറിൽ അന്വേഷണം ആവശ്യപ്പട്ട് ഇന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലും കോൺഗ്രസ് പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.

Tags:    

Similar News