ഗംഗയില്‍ മദ്യവും മാംസവും വിളമ്പുന്ന ആഡംബരയാനം; ഉദ്ഘാടനം ചെയ്തത് യോഗി, പ്രതിഷേധവുമായി സന്യാസിമാര്‍

ഗംഗയില്‍ നിന്നും ആഡംബരയാനം മാറ്റിയില്ലെങ്കില്‍ പരസ്യ പ്രതിഷേധം തുടങ്ങുമെന്ന് സന്യാസിമാര്‍

Update: 2018-09-02 11:46 GMT
Advertising

ഗംഗാ നദിയില്‍ മദ്യവും മാംസാഹാരങ്ങളും വിളമ്പുന്ന ആഡംബരയാനം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തതിനെതിരെ പ്രതിഷേധം. വരാണസിയിലെ ഫൈവ് സ്റ്റാര്‍ യാനത്തിനെതിരെ നേരത്തെ തന്നെ സന്യാസിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുണ്യനദിയായ ഗംഗയില്‍ മദ്യവും മാംസാഹാരവും വിളമ്പുന്ന യാനം അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം.

2000 സ്ക്വയര്‍ ഫീറ്റില്‍ 125 പേരെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് യാനം ക്രമീകരിച്ചിരിക്കുന്നത്. ദശാശമേധ് ഘട്ടിലെ ഗംഗാ ആരതിയും അസി ഘട്ടിലെ ശുഭ ഇ ബനാറസും യാനത്തിലിരുന്ന് കാണാനാവും.

പുണ്യ പുരാതന നഗരത്തിലേക്ക് പാശ്ചാത്യ സംസ്കാരം ഒളിച്ചുകടത്തുകയാണ് ഈ യാനത്തിലൂടെയെന്ന് ഗംഗ മഹാസഭ ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി വിമര്‍ശിച്ചു. എങ്ങനെയാണ് ഹിന്ദുക്കള്‍ പുണ്യനദിയായി പരിഗണിക്കുന്ന ഗംഗയില്‍ മദ്യവും മാംസാഹാരങ്ങളും വിളമ്പുക? ആളുകള്‍ ഗംഗയിലേക്ക് ഇവയുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിയില്ലേ? അത് ഗംഗയെ മലിനമാക്കില്ലേ എന്നൊക്കെയാണ് ജിതേന്ദ്രാനന്ദ് സരസ്വതിയുടെ ചോദ്യങ്ങള്‍. ഗംഗയെ മലിനമാക്കുന്നത് ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

പുണ്യസ്ഥലങ്ങളില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സമീപിക്കുമെന്നും സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി വ്യക്തമാക്കി. ഗംഗയില്‍ നിന്നും ആഡംബരയാനം മാറ്റിയില്ലെങ്കില്‍ പരസ്യ പ്രതിഷേധം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News