‘അഴിമതി ഇല്ലാതാക്കാന്‍ ഉപയോഗിച്ച കയ്പേറിയ മരുന്നാണ് നോട്ട് നിരോധം’ പ്രധാനമന്ത്രി

Update: 2018-11-20 10:43 GMT

അഴിമതി ഇല്ലാതാക്കാന്‍ കള്ളപ്പണം തിരികെയെത്തിക്കാന്‍ ഉപയോഗിച്ച കയ്പേറിയ മരുന്നായിരുന്നു നോട്ട് നിരോധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴത്തിൽ വേരൂന്നിയ അഴിമതിക്ക് ശരിയായ ചികിത്സ നൽകുകയായിരുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

"ചിതലിനെ ഇല്ലാതാക്കാന്‍ നമ്മള്‍ വിഷ മരുന്നുകൾ ഉപയോഗിക്കുന്നു. അതുപോലെ, രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ ഞാന്‍ ഉപയോഗിച്ച കയ്പേറിയ മരുന്നായിരുന്നു നോട്ട് നിരോധനം.'' മോദി പറഞ്ഞു. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

Advertising
Advertising

''ആളുകള്‍ തങ്ങളുടെ കിടക്കകൾക്കടിയിലും, വീട്ടിലും, ഓഫീസിലും, ഫാക്ടറികളിലും എല്ലാം അവരുടെ പണം ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോൾ അവര്‍ ഓരോ പെന്നിക്കും കൃത്യമായി നികുതി അടക്കുകയാണ്. ഈ പണം സാധാരണക്കാരന് വേണ്ടിയുള്ള ശരിയായ സ്കീമുകൾക്കായി ഉപയോഗിക്കുന്നു." പ്രധാനമന്ത്രി വിശദീകരിച്ചു.

അതേസമയം നോട്ട് നിരോധത്തിലൂടെ അസാധുവാക്കിയ നോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. നിരോധിച്ച ആകെ നോട്ടുകളുടെ 99.3 ശതമാനമാണ് തിരിച്ചെത്തിയത്. ഇത് 15.31 ലക്ഷം കോടി രൂപ വരുമെന്നും ആര്‍.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

15.42 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ആകെ അസാധുവാക്കിയിരുന്നത്. ഇനി പഴയ നോട്ടുകള്‍ സ്വീകരിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പൂര്‍‌ത്തിയായെന്നും ആര്‍.ബി.ഐ അറിയിച്ചിരുന്നു. 2016 നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ 500,1000 നോട്ടുകള്‍ നിരോധിച്ചത്.

Tags:    

Similar News