നോട്ട് നിരോധം കിരാത നടപടിയെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

രണ്ടു വര്‍ഷം മുമ്പ് നവംബര്‍ എട്ടിന് നോട്ട് നിരോധം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ നടപടിയെ തള്ളിപ്പറയുമ്പോള്‍ 

Update: 2018-11-29 08:13 GMT

മോദി സര്‍ക്കാരിന് തിരിച്ചടിയായി മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ രൂക്ഷ വിമര്‍ശം. നോട്ട് നിരോധം അതി ഭീമവും കിരാതവുമായ സാമ്പത്തിക ആഘാതമായിരുന്നുവെന്ന് അരവിന്ദ് പറഞ്ഞു. നോട്ട് നിരോധം ഏര്‍പ്പെടുത്തിയതോടെ സാമ്പത്തിക വളര്‍ച്ച 8 ശതമാനത്തില്‍ നിന്ന് 6.8 ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധം പ്രഖ്യാപിച്ച സമയത്ത് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം. സാമ്പത്തിക വളര്‍ച്ചയെ മാത്രമല്ല, അസംഘടിത മേഖലയുടെ തകര്‍ച്ചക്ക് കൂടി നോട്ട് നിരോധം വഴിവെച്ചുവെന്ന് അരവിന്ദ് പറഞ്ഞു.

Advertising
Advertising

രണ്ടു വര്‍ഷം മുമ്പ് നവംബര്‍ എട്ടിന് നോട്ട് നിരോധം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ നടപടിയെ തള്ളിപ്പറയുമ്പോള്‍ മോദി സര്‍ക്കാരിന്റെ ന്യായീകരണങ്ങളുടെ മുനയൊടിയുകയാണ്. “Of Counsel: The Challenges of the Modi-Jaitley Economy,” എന്ന ബുക്കിലൂടെയാണ് അരവിന്ദ്, നോട്ട് നിരോധത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത്. സുപ്രധാന തീരുമാനമെടുക്കുന്നതിന് മുമ്പ് അത് എങ്ങനെ സാമ്പത്തിക മേഖലയെ ബാധിക്കുമെന്നോ അതിന്റെ പ്രതിഫലനം എങ്ങനെ ആയിരിക്കുമെന്നോ സംബന്ധിച്ച് പ്രധാനമന്ത്രി സാമ്പത്തിക ഉപദേഷ്ടാവുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് അരവിന്ദിന്റെ വെളിപ്പെടുത്തല്‍. നോട്ട് നിരോധം രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും കിരാതമായ പൊളിച്ചെഴുത്തായിരുന്നു.

വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും പിന്‍വലിച്ചതിലൂടെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച വേഗത്തിലായെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധത്തിന് പിന്നാലെ ജി.എസ്.ടി നടപ്പാക്കിയതും ഇന്ധനവില വര്‍ധിപ്പിച്ചതും ഉയര്‍ന്ന വായ്പാ നിരക്കും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. കള്ളപ്പണക്കാര്‍ക്കും കള്ളനോട്ട് മാഫിയക്കും തിരിച്ചടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ നോട്ട് നിരോധത്തിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ചത് രാജ്യത്തെ സാധാരണക്കാരാണെന്നും അദ്ദേഹം പറയുന്നു. നാലു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ജൂണ്‍ 20 നാണ് അരവിന്ദ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ കസേരയൊഴിഞ്ഞത്.

Tags:    

Similar News