ഇത് മോദിക്ക് ഇരിക്കട്ടേ... 750 കിലോ ഉള്ളിക്ക് ലഭിച്ചത് 1064 രൂപ; പണം മോദിക്ക് അയച്ച് കര്‍ഷകന്‍
നവംബര്‍ 29നാണ് നിപാദിലെ പോസ്റ്റ് ഓഫീസില്‍ നിന്ന് നരേന്ദ്ര മോദി, പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്ന വിലാസത്തില്‍ സഞ്ജയ് തന്റെ കണ്ണിരുണങ്ങാത്ത കറന്‍സി നോട്ടുകള്‍ അയച്ചത്.
രാജ്യത്തെ കര്‍ഷകരുടെ ദുരിതാവസ്ഥ സമാനതകളില്ലാതെ വര്‍ധിച്ചുവരികയാണ്. ഡല്‍ഹിയെ ഇളക്കി മറിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധ റാലി നടത്തിയത് കഴിഞ്ഞദിവസമാണ്. ഇതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്‍ ഗതികെട്ട് നടത്തിയ വ്യത്യസ്ത പ്രതിഷേധമാണ് വാര്‍ത്തയാകുന്നത്. നാഷിക് ജില്ലയിലെ നിപാദ് ഗ്രാമവാസിയായ ഉള്ളി കര്‍ഷകനാണ് തനിക്ക് നേരിട്ട ദുരന്തം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞത്.
സഞ്ജയ് സേത്ത് ഒരു സാധാരണ കര്‍ഷകനല്ല. 2010 ല്‍ യു.എസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി സംവദിക്കാന്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം തെരഞ്ഞെടുത്ത പുരോഗമന കര്‍ഷകരില്‍ ഒരാളായിരുന്നു സഞ്ജയ്.
ഇനി സഞ്ജയ് പറയും അദ്ദേഹത്തിന് നേരിട്ട ദുരനുഭവം: കഴിഞ്ഞയാഴ്ചയാണ് ഞാന്‍ എന്റെ കൃഷിയിടത്തില്‍ നിന്നു വിളവെടുത്തത്. 750 കിലോഗ്രാം ഉള്ളി എനിക്ക് വിളവ് ലഭിച്ചു. നിപാദിലെ മൊത്തക്കച്ചവട വിപണിയിലാണ് ഞാനിത് വില്‍ക്കാന്‍ എത്തിച്ചത്. വ്യാപാരികള്‍ എന്റെ ഉള്ളിക്ക് വാഗ്ദാനം ചെയ്തത് കിലോക്ക് ഒരു രൂപയായിരുന്നു. വിലപേശലിനൊടുവില്‍ കിലോയ്ക്ക് ഒരു രൂപ 40 പൈസക്ക് കച്ചവടം ഉറപ്പിച്ചു. അങ്ങനെ 750 കിലോ ഉള്ളിക്ക് ആകെ ലഭിച്ചത് 1064 രൂപ.
നാലു മാസം മണ്ണില്‍ വിയര്‍പ്പും രക്തവും ഒഴുക്കി ഞാന്‍ വിളയിച്ചെടുത്തതിന് എനിക്ക് ലഭിച്ച കൂലിയാണിത്. എത്രത്തോളം വേദനയുണ്ടെന്ന് പറഞ്ഞറിയിക്കാനാകില്ല. ഏതായാലും ഈ പണം എനിക്ക് വേണ്ട. ഇതും ഒരു ദുരന്തമായതു കൊണ്ട് ഞാന്‍ ഈ പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഇത്രയും രൂപ മണി ഓഡറായി അയക്കാന്‍ ഞാന്‍ എന്റെ സ്വന്തം പോക്കറ്റില്‍ നിന്ന് 54 രൂപ കൂടി എടുത്തിട്ടുണ്ട്. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. പാവങ്ങളുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടക്കുന്ന സര്‍ക്കാരിനോട് എനിക്ക് ദേഷ്യം മാത്രമേയുള്ളു.'' - സഞ്ജയ് പറഞ്ഞു.
നവംബര്‍ 29നാണ് നിപാദിലെ പോസ്റ്റ് ഓഫീസില്‍ നിന്ന് നരേന്ദ്ര മോദി, പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്ന വിലാസത്തില്‍ സഞ്ജയ് തന്റെ കണ്ണീരുണങ്ങാത്ത കറന്‍സി നോട്ടുകള്‍ അയച്ചത്.