ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗം തീര്‍പ്പാക്കണം: കേരളത്തിനും ബിഹാറിനും നിര്‍ദേശം
കേരളത്തില്‍ 312 കേസുകളും ബിഹാറില്‍ 304 കേസുകളും ജനപ്രതിനിധികള്‍ക്കെതിരെ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കാന്‍ കേരളത്തിനും ബിഹാറിനും സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. വിചാരണ നടത്താന്‍ പ്രത്യേക കോടതികള്‍ക്ക് പുറമേ സെഷന്‍സ്, മജിസ്ട്രേറ്റ് കോടതികള്‍ക്കും അനുമതി നല്‍കി. രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍വല്‍ക്കരണം തടയണമെന്ന ഹര്‍ജിയിലാണ് നടപടി.
ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിജയ് ഹന്‍സാരി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ 312 കേസുകളും ബിഹാറില്‍ 304 കേസുകളും ജനപ്രതിനിധികള്‍ക്കെതിരെ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ ഇതിന് പുറമെ. എല്ലാം തീര്‍പ്പാകാതെ കെട്ടികിടക്കുന്നു. ഈ സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്‍ഗണനാ ക്രമത്തില്‍ ഇവ പരിഗണിച്ച് വേഗം തീര്‍പ്പാക്കണം.
ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കാനുള്ള പ്രത്യേക അതിവേഗ കോടതികള്‍ക്ക് പുറമെ സെഷന്‍സ് കോടതികള്‍ക്കും മജിസ്ട്രേറ്റ് കോടതികള്‍ക്കും കേസ് പരിഗണിക്കാം. വിചാരണ പുരോഗതി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും അറിയിക്കണം. രാജ്യത്താകെ ജനപ്രതിനിധികള്‍ പ്രതികളായ 4122 ക്രിമിനല്‍ കേസുകളുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ 264 എണ്ണത്തില്‍ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.