സിഖ് കൂട്ടക്കൊല; സജ്ജന്‍ കുമാറിന്‍റെ അപേക്ഷ ഡല്‍ഹി കോടതി തള്ളി
കീഴടങ്ങാന്‍ ജനുവരി 31 വരെയാണ് സജ്ജന്‍ കുമാര്‍ സമയം ചോദിച്ചതെങ്കിലും ഡല്‍ഹി ഹൈകോടതി ആവശ്യം തള്ളുകയായിരുന്നു
സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് കീഴടങ്ങാന്‍ കുടുതല്‍ സമയം തേടി മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. കീഴടങ്ങാന്‍ ജനുവരി 31 വരെയാണ് സജ്ജന്‍ കുമാര്‍ സമയം ചോദിച്ചതെങ്കിലും ഡല്‍ഹി ഹൈകോടതി ആവശ്യം തള്ളുകയായിരുന്നു.
ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സജ്ജന്‍ കുമാറിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു. 1984ലെ സിഖ് വിരുദ്ധ കലാപ സമയത്ത് രാജ് നഗറിലുള്ള ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയതിലും, ഡല്‍ഹിയിലെ ഒരു ഗുരുദ്വാര തകര്‍ത്തതിലും പങ്കുണ്ടെന്ന് കണ്ടെത്തിയ ഡല്‍ഹി ഹൈകോടതി സജ്ജന്‍ കുമാറിനെതിരെ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രിയായ ഇന്ദിരഗാന്ധി അംഗരക്ഷകരായ സിഖ് വിശ്വാസികളാല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപുറപ്പെട്ടത്. കലാപത്തിന്റെ ഭാഗമായി ചുരുങ്ങിയത് മൂവായിരം പേര്‍ കൊല ചെയ്യപ്പെട്ടതായാണ് വിവരം.