കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രന്‍പിള്ള
സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുമായാണ് സി.പി.എം സഖ്യം ഉണ്ടാക്കുക
2019 പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രന്‍പിള്ള. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുമായാണ് സി.പി.എം സഖ്യം ഉണ്ടാക്കുക. എന്നാല്‍ ആ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നത് സി.പി.എമ്മിനെ ബാധിക്കില്ല. സഖ്യം സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സംസ്ഥാനങ്ങളിലെ ജനാധിപത്യ മതേതര കക്ഷികളുമായി സഖ്യത്തില്‍ ഏര്‍പ്പെടണമെന്നാണ് നേരത്തെ തന്നെ സി.പി.എം സ്വീകരിച്ചിരിക്കുന്ന നിലപാട്. തമിഴ്നാട്ടില്‍ ഡി.എം.കെ, ബീഹാറില്‍ ആര്‍.ജെ.ഡി, മഹാരാഷ്ട്രയില്‍ എന്‍.സി.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായാണ് സഖ്യം ഉണ്ടാക്കുക. കോണ്‍ഗ്രസുമായി ഈ കക്ഷികള്‍ ധാരണയില്‍ എത്തുന്നത് സി.പി.എമ്മിനെ ബാധിക്കില്ലെന്നും കോണ്‍ഗ്രസുമായി നേരിട്ടുള്ള യാതൊരു സഖ്യത്തിനും പാര്‍ട്ടി തയ്യാറല്ലെന്നും സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു
ഉത്തര്‍പ്രദേശില്‍ ബി.എസ്.പിക്കും എസ്.പിക്കും ഒപ്പം സഹകരിക്കാനാണ് താല്‍പ്പര്യം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെയാണ് സി.പി.എം പോരാടുന്നത്. അവിടെ കോണ്‍ഗ്രസ് തൃണമൂലുമായി സഹകരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ലെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഫോര്‍വേര്‍ഡ് ബ്ലോക്കും ആര്‍.എസ്.പിയും കോണ്‍ഗ്രസിന്‍റെ ഒക്കത്തിരുന്നാണ് സി.പി.എമ്മിനെ വിമര്‍ശിക്കുന്നതെന്നും എസ്.രാമചന്ദ്രന്‍ പിള്ള പരിഹസിച്ചു.