റഫാല്‍: ചോദ്യങ്ങള്‍ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചിരിക്കുകയാണെന്ന് രാഹുല്‍

റഫാല്‍ ഇടപാടിനെച്ചൊല്ലി ലോക്സഭയില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ ചൂടേറിയ വാഗ്വാദം. റഫാല്‍ കരാറിനെക്കുറിച്ച ചോദ്യങ്ങള്‍ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചിരിക്കുകയാണെന്നും..

Update: 2019-01-02 14:47 GMT

റഫാല്‍ ഇടപാടിനെച്ചൊല്ലി ലോക്സഭയില്‍ പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ ചൂടേറിയ വാഗ്വാദം. റഫാല്‍ കരാറിനെക്കുറിച്ച ചോദ്യങ്ങള്‍ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചിരിക്കുകയാണെന്നും സുപ്രീം കോടതി വിധി ജെ.പി.സി അന്വേഷണത്തിന് തടസ്സമല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജെ.പി.സി അന്വേഷണ ആവശ്യം നിരസിച്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബോഫോഴ്സ്, അഗസ്ത വെസ്റ്റ്‌ലാന്‍‍‍ഡ് ഇടപാടുകള്‍ ഉന്നയിച്ചാണ് പ്രതിരോധം തീര്‍ത്തത്.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്ത അഭിമുഖങ്ങള്‍ക്ക് പകരം ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാന്‍ ആവശ്യപ്പെട്ടു. റഫാല്‍ ഫയലുകള്‍ തന്റെ കിടപ്പുമുറിയിലുണ്ടെന്ന് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അവകാശപ്പെട്ടതായ ഓഡിയോ ടേപ്പ് സഭയെ കേള്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല.

Advertising
Advertising

മറുപടി പറഞ്ഞ അരുണ്‍ ജെയ്റ്റ്‌ലി രാഹുലിന് നേരെ വ്യക്തിപരമായ കടന്നാക്രമണത്തിനാണ് ശ്രമിച്ചത്. നിരന്തരം കള്ളം പറയുന്ന രാഹുലിന് യുദ്ധവിമാനങ്ങളെക്കുറിച്ച് ഒരു വിവരവുമില്ല. ബോഫോഴ്സ്, അഗസ്ത വെസ്റ്റ്‌ലാന്‍ഡ് തുടങ്ങിയ അഴിമതികള്‍ നടത്തിയ കുടുംബത്തിലെ അംഗത്തിന് റഫാല്‍ അഴിമതിയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ജെയ്റ്റ്‌ലിയുടെ പ്രസംഗത്തിനിടെ കടലാസ് വിമാനം പറത്തിയ പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ സുമിത്ര മഹാജന്‍ ശാസിച്ചു. ശിവസേനയും ബിജു ജനതാദളും ജെ.പി.സി അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യത്തെ പിന്തുണച്ചത് ശ്രദ്ധേയമായി. ചര്‍ച്ചയിലുടനീളം നടുത്തളത്തിലിറങ്ങി ബഹളം വെച്ച എ.ഐ.ഡി.എം.കെ അംഗങ്ങളെ സ്പീക്കര്‍ 5 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

Tags:    

Similar News