മനോഹര്‍ പരീക്കറുടെ ജീവന് ഭീഷണി; സുരക്ഷ വര്‍ധിപ്പിക്കണമെന്ന് രാഷ്ട്രപതിക്ക് കോണ്‍ഗ്രസിന്റെ കത്ത്

ഇത് പരസ്യപ്പെടാതിരിക്കാന്‍ പരീക്കറെ കൊലപ്പെടുത്താന്‍ പോലും ശ്രമം നടന്നേക്കും എന്നാണ് മുന്നറിയിപ്പ്.

Update: 2019-01-05 13:35 GMT
Advertising

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. പരീക്കറിനുള്ള സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കത്ത് നല്‍കി.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പരീക്കറുടെ കൈവശമുണ്ട്. ഇത് പരസ്യപ്പെടാതിരിക്കാന്‍ പരീക്കറെ കൊലപ്പെടുത്താന്‍ പോലും ശ്രമം നടന്നേക്കും എന്നാണ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വച്ച് പരീക്കര്‍ വിലപേശുകയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതുകൂടാതെ, റഫാല്‍ വിമാന ഇടപാടുകള്‍ സംബന്ധിച്ച ഫയലുകള്‍ തന്‍റെ കിടപ്പറയിലുണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ വച്ച് സഹമന്ത്രിയോട് പരീക്കര്‍ പറഞ്ഞതായുള്ള ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്കറുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്.

റഫാല്‍ ഇടപാടിലെ അഴിമതികള്‍ പൊതുമധ്യത്തില്‍ പുറത്തുവരരുതെന്ന് ആഗ്രഹിക്കുന്നവര്‍ പരീക്കറുടെ ജീവനെടുക്കാന്‍ പോലും മടിക്കില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജി.പി.സി.സിയാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്. റഫാല്‍ ഇടപാടില്‍ ഒപ്പുവെക്കുമ്പോള്‍ പരീക്കറായിരുന്നു പ്രതിരോധ മന്ത്രി.

Tags:    

Similar News