അലോക് വര്‍മ്മ നീക്കിയതിനെതിരെ കോണ്‍ഗ്രസ്; എം.നാഗേശ്വര റാവു പുതിയ സി.ബി.ഐ ഡയറക്ടര്‍
അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടപടി. അതേ സമയം ഫയര്‍ ആന്റ് ഹോംഗാര്‍ഡ് വകുപ്പ് ഡയറകടര്‍ ജനറലായി അലോക് വർമ്മയെയും നിയമിച്ചു.
എം.നാഗേശ്വര റാവുവിനെ പുതിയ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു. അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടപടി. അതേ സമയം ഫയര്‍ ആന്റ് ഹോംഗാര്‍ഡ് വകുപ്പ് ഡയറകടര്‍ ജനറലായി അലോക് വർമ്മയെയും നിയമിച്ചു.
സി.ബി.ഐ ഡയറക്ടർ പദവയിൽ തിരിച്ചെത്തി വെറും രണ്ട് ദിവസത്തിനുള്ളിലാണ് അലോക് വർമ്മക്ക് സ്ഥാനമൊഴിയേണ്ടി വന്നത്. നേരത്തെ കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 23 ന് അര്‍ധരാത്രി സര്‍ക്കാര്‍ അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകമായിരുന്നു. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്ന സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നതും വിഷയം വീണ്ടും ചര്‍ച്ച ചെയ്തതും. രണ്ട് ദിവസമായി ചേര്‍ന്ന യോഗത്തില്‍ അലോക് വര്‍മ്മയെ നീക്കണമെന്ന നിലപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറച്ചുനിന്നു. എന്നാല്‍ അലോക് വര്‍മ്മക്ക് അനുകൂലമായ നിലപാടാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ സ്വീകരിച്ചത്. ഇതോടെ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ എത്തിയ ജസ്റ്റിസ് സിക്രിയുടെ നിലപാട് നിര്‍ണ്ണായകമായി . പക്ഷെ പ്രധാനമന്ത്രിയുടെ നിലപാടിനൊപ്പം ജസ്റ്റിസ് എ.കെ സിക്രിയും നിന്നതോടെ അലോക് വര്‍മ്മക്ക് സ്ഥാനം നഷ്ടമാവുകയായിരുന്നു.
സ്വന്തം ഭാഗം സെലക്ഷന്‍ കമ്മിറ്റിക്ക് മുന്‍പാകെ പറയാന്‍ അലോക് വര്‍മ്മക്ക് അവസരം നല്‍കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഖെ അഭ്യര്‍ത്ഥിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല. എന്നാല്‍ തീരുമാനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ തന്നെ നുണകളുടെ തടവിൽ ആണെന്നും ഭയചകിതനായതിനാലാണ് അലോക് വർമ്മയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് എന്നുമായിരുന്നു രാഹുൽഗാന്ധിയുടെ വിമർശനം.
അലോക് വര്‍മ്മയെ നീക്കിയതില്‍ അത്ഭുതമില്ലെന്നും ഭരണഘടനസ്ഥാപനങ്ങള്‍ മോദി തകര്‍ക്കുകയാണെന്നും കോണ്‍ഗ്രസും കുറ്റപ്പെടുത്തി. മോയിൻ ഖുറേഷി കേസിൽ ഇടപെട്ടതിനും കൈക്കൂലി വാങ്ങിയതിനും അലോക് വർമ്മയ്ക്കെതിരെ തെളിവുകളുണ്ടെന്നാണ് സിവിസി അവകാശപ്പെടുന്നത്.