ഇ.വി.എം തിരിമറി വിവാദം: ബാലറ്റ് പേപ്പറിലേക്ക് മാറണമെന്ന ആവശ്യം ശക്തമാവുന്നു

വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെപ്പറ്റി നിലനില്‍ക്കുന്ന ആക്ഷേപങ്ങളും സംശയങ്ങളും ഇരട്ടിപ്പിക്കുന്നതായിരുന്നു യു.എസ് ഹാക്കറുടെ പുതിയ വെളിപ്പെടുത്തല്‍.

Update: 2019-01-22 07:30 GMT
Advertising

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നുവെന്ന വെളിപ്പെടുത്തലോടെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യം ശക്തമാവുന്നു. ആരോപണങ്ങള്‍ ഏറ്റെടുത്തിട്ടില്ലെങ്കിലും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണം വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗം രംഗത്തുവന്നു.

വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെപ്പറ്റി നിലനില്‍ക്കുന്ന ആക്ഷേപങ്ങളും സംശയങ്ങളും ഇരട്ടിപ്പിക്കുന്നതായിരുന്നു യു.എസ് ഹാക്കറുടെ പുതിയ വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ അതേപടി ഏറ്റെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിട്ടില്ലെങ്കിലും സംശയത്തിന്റെ നിഴലിലുള്ള ഇ.വി.എമ്മിനെ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന നിലപാടാണ് മിക്ക പാര്‍ട്ടികള്‍ക്കും. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി, എന്‍.സി.പി ഉള്‍പ്പെടെ കക്ഷികള്‍ ബാലറ്റ് പേപ്പറിന് വേണ്ടി ഇതിനകം രംഗത്തുവന്നിട്ടുണ്ട്.

വരുന്ന പൊതുതെരഞ്ഞെടുപ്പിന് തന്നെ ബാലറ്റ് പേപ്പറിലേക്ക് മാറുന്നതിലെ സാങ്കേതിക പ്രയാസം കണക്കിലെടുത്ത് നൂറു ശതമാനം വിവി പാറ്റ് ഏര്‍പ്പെടുത്താനെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്നാണ് കോണ്‍ഗ്രസും സി.പി.എമ്മും ആവശ്യപ്പെട്ടത്. അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

വോട്ടിങ് യന്ത്രത്തിലെ തിരിമറിയെക്കുറിച്ച് അറിവുണ്ടായിരുന്നതിനാലാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് മരുമകനും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെ രംഗത്തെത്തിയത്. റോയുടെയോ സുപ്രീം കോടതിയുടെയോ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ധനഞ്ജയ് മുണ്ടെ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇ.വി.എം തിരിമറി വെളിപ്പെടുത്തല്‍ നടന്ന വാര്‍ത്താസമ്മേളനത്തിലെ കപില്‍ സിബലിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി വിവാദം കോണ്‍ഗ്രസിന്റെ ഗൂഢാലോചനയെന്ന് വരുത്തിത്തീര്‍ക്കാനാണ് ബി.ജെ.പി നീക്കം. ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യാജ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Tags:    

Similar News