ശബരിമല വിധിയില്‍ കണ്ടത് ഭരണഘടനയുടെ വിമോചന സ്വഭാവം: ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
സ്ത്രീ പ്രവേശനക്കേസ് വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികളില്‍ ഉത്തരവ് പറയാനിരിക്കെയാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ നിര്‍ണ്ണായക പരാമര്‍ശം
ശബരിമല സ്ത്രീപ്രവേശന കേസില്‍ കണ്ടത് ഭരണഘടനയുടെ വിമോചന സ്വഭാവമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സ്ത്രീ പ്രവേശനക്കേസ് വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികളില്‍ ഉത്തരവ് പറയാനിരിക്കെയാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ നിര്‍ണ്ണായക പരാമര്‍ശം. നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ പോലും ഭരണഘടന പ്രവര്‍ത്തിക്കുമെന്നും വിശ്വാസമില്ലെങ്കിലും വ്യക്തികളെ സ്വാധീനിക്കുമെന്നും ബോംബെ ഹൈക്കോടതി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ ചന്ദ്രചൂഡ് പറഞ്ഞു.
വര്‍ത്തമാന ഇന്ത്യയില്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കുള്ള പ്രസക്തി സംബന്ധിച്ച് സംസാരിക്കവെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ശബരിമല വിധി പരാമര്‍ശിച്ചത്. ഭരണഘടനയുടെ വിമോചന ശക്തിയെ തിരിച്ചറിയാന്‍ ചിലപ്പോള്‍ സുപ്രീംകോടതിക്ക് സാധിക്കാറുണ്ട്. അത്തരമൊരു കേസായിരുന്നു ശബരിമല സ്ത്രീ പ്രവേശനം. ഭരണഘടനയുടെ 25- 26 അനുച്ഛേദങ്ങള്‍ മതവിശ്വാസത്തിനും പ്രചാരണത്തിനും മതപരമായ നിയന്ത്രണങ്ങള്‍ക്കും സ്വാതന്ത്ര്യമനുവദിക്കുന്നു. എന്നാല്‍ മൌലികാവകാശങ്ങള്‍ക്ക് വിധേയമാണിവ. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടയുടെ പതിനഞ്ചാം അനുച്ഛേദത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതല്ല മതസ്വാതന്ത്ര്യത്തിനുള്ള 26ആം അനുച്ഛേദമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
വിശപ്പടക്കാന്‍ ഭക്ഷണമെടുത്തു കഴിച്ചതിന്റെ പേരില്‍ ഒരാള്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് വിധേയമാകുമ്പോള്‍ ഭരണഘടനയാണ് കൊലചെയ്യപ്പെടുന്നത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ പ്രണയത്തിന് തടസ്സം നില്‍ക്കുമ്പോള്‍ ഭരണഘടന പരാജയപ്പെടുന്നുവെന്നും സമീപകാലത്ത് ഒരു ദലിത് യുവാവിന് ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദനം ഉദ്ധരിച്ച് ചന്ദ്രചൂഡ് പറഞ്ഞു. ബോംബെ ഹൈക്കോടതി സംഘടിപ്പിച്ച ജസ്റ്റിസ് ദേശായി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് ഡി.വെ ചന്ദ്രചൂഡ്.