പുതുച്ചേരിയില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ സമരം തുടരുന്നു
സര്‍ക്കാര്‍ നല്‍കിയ മുപ്പത് പദ്ധതികള്‍ അംഗീകരിയ്ക്കാത്ത ഗവര്‍ണര്‍ കിരണ്‍ബേദിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം.
പുതുച്ചേരിയില്‍ ഗവര്‍ണര്‍ കിരണ്‍ബേദിയ്‌ക്കെതിരെ പ്രതിഷേധം തുടര്‍ന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ നേതൃത്വത്തില്‍, രാജ്ഭവനു മുന്‍പില്‍ നടത്തുന്ന ധര്‍ണ തുടരുകയാണ്. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരാനാണ് സര്‍ക്കാറിന്റെ തീരുമാനം.
13ന് ഉച്ചയ്ക്കാണ് മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും ധര്‍ണ ആരംഭിച്ചത്. സര്‍ക്കാര്‍ നല്‍കിയ മുപ്പത് പദ്ധതികള്‍ അംഗീകരിയ്ക്കാത്ത ഗവര്‍ണര്‍ കിരണ്‍ബേദിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധത്തിലാണ് സര്‍ക്കാര്‍. ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പ്രവര്‍ത്തിയ്ക്കാന്‍ അനുവദിയ്ക്കാതെ, നിയമവിരുദ്ധ ഇടപെടലാണ് ഗവര്‍ണര്‍ നടത്തുന്നതെന്നാണ് പ്രധാന ആരോപണം.
ഇന്നലെ രാവിലെ ചെന്നൈയ്ക്കു തിരിച്ച കിരണ്‍ബേദി, അവിടെ നിന്നും വൈകിട്ട് ഡല്‍ഹിക്ക് പോയി. പദ്ധതികള്‍ സംബന്ധിച്ച് ഏഴിനാണ് നോട്ടീസ് ലഭിച്ചതെന്നും 21ന് ചര്‍ച്ച നടത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നും, അന്നു മാത്രമെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ സാധിക്കൂ എന്നുമാണ് ഗവര്‍ണറുടെ നിലപാട്.
എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന കര്‍ശന നിലപാടാണ് മുഖ്യമന്ത്രിയ്ക്കുള്ളത്. ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പുതുച്ചേരിയില്‍ എത്തും. അവരുമായി ചര്‍ച്ച നടത്തിയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുക.