ഗുജറാത്തില്‍ ദലിതര്‍ക്ക് നേരെയുള്ള ആക്രമണത്തിന് അറുതിയായില്ല
2016 ജൂലായില്‍ ഗുജറാത്തിലെ ഉനയിലെ ദലിതര്‍ക്ക് നേരെ ഗോരക്ഷകര്‍ എന്നറിയപ്പെടുന്ന മേല്‍ജാതി ഹിന്ദുക്കള്‍ നടത്തിയ അതിക്രൂരമായ ആക്രമണവും അതേ തുടര്‍ന്നുണ്ടായ പ്രക്ഷോഭവും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ദലിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഇപ്പോഴും അറുതിയായിട്ടില്ല. ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്യേണ്ട സ്ഥിതിയിലാണ് ഇവര്‍.
പൂഞ്ചി ബെന്‍- ഗീര്‍ ഗധാഡ താലൂക്കിലെ ഗാധാഡ വില്ലേജ് സ്വദേശി. ഭര്‍ത്താവിന്റെ അനുജന്‍ മേല്‍ജാതിക്കാരായ പട്ടേല്‍ സമുദായത്തിലെ പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചതോടെ ആരംഭിച്ചു ഇവരുടെ ദുരിതം. ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഇവര്‍ നഷ്ടപ്പെട്ട ഭൂമിക്കായി കയറാത്ത വാതിലുകളില്ല. ആ ഭൂമിയിപ്പോള്‍ പട്ടേല്‍ സമുദായക്കാരുടെ പൊതുമൈതാനമാണ്. തങ്ങള്‍ ഈ രാജ്യത്തില്‍ പെട്ടവരല്ലേ എന്നാണ് പൂഞ്ചി ബെന്‍ ആവര്‍ത്തിച്ച് ചോദിക്കുന്നത്.
പിയൂഷ് ഭായ് സര്‍വ്വയ്യ- ഗ്രാമം അങ്കോളാളി- ഗ്രാമത്തിലെ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ കാണാതായി. പ്രശ്‌നം വച്ച ജ്യോത്സ്യന്‍ പറഞ്ഞത് ആ കുട്ടി പീയൂഷ് ഭായ് സര്‍വ്വയ്യയുടെ വീട്ടില്‍ ഉണ്ട് എന്നാണ്. മേല്‍ജാതിക്കാര്‍ അവരുടെ വീട്ടിലെത്തി ഉറങ്ങിക്കിടന്നിരുന്ന അനുജന്‍ ലാല്‍ജി ഭായ് സര്‍വ്വയ്യയെ കട്ടിലില്‍ ചേര്‍ത്ത് കെട്ടി വീടിന് പെട്രോളൊഴിച്ച് തീ കൊളുത്തി. വീടിനൊപ്പം ലാല്‍ജിയും കത്തിയമര്‍ന്നു. 2011 സെപ്തംബര്‍ 13നായിരുന്നു ആ സംഭവം. അതില്‍ പ്രതികളായ 11 പേരെ വിചാരണ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. എന്നാല്‍ പീയൂഷിനും കുടുംബാംഗങ്ങള്‍ക്കും ഗ്രാമത്തിലേയ്ക്ക് പ്രവേശനമില്ല. അവരുടെ ഭൂമി വില്‍ക്കാന്‍ പോലും അധികാരമില്ല.
ഈ പ്രദേശത്തെ ദലിതരുടെ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉപവാസ സമരത്തിലാണ്. ഇക്കൂട്ടത്തിലുണ്ട് ബാലുഭായ് സര്‍വ്വയ്യ. ഗോരക്ഷകര്‍ തല്ലിച്ചതച്ച് വാഹനത്തില്‍ കെട്ടിയിട്ട് ഉനയിലൂടെ പ്രദര്‍ശനം നടത്തിയത് ബാലു ഭായിയെയും മക്കളെയും ബന്ധുക്കളെയുമാണ്. ഉന പ്രക്ഷോഭത്തിന് ശേഷം രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‍രിവാളും മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേലും അവരുടെ വീട്ടിലെത്തി. ഭൂമി, ജോലി എന്നങ്ങിനെയുള്ള പല വാഗ്ദാനങ്ങളും ഉണ്ടായി. നാല് കൊല്ലത്തോളമായി ഒന്നും ലഭിച്ചിട്ടില്ല.