യുപി കോൺഗ്രസ് മൈനോരിട്ടി സെൽ അധ്യക്ഷൻ ഷാനവാസ് ആലത്തെ അറസ്റ്റ് ചെയ്തു

2019 ഡിസംബർ 19 ലെ സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്

Update: 2020-06-30 02:31 GMT

യുപി കോൺഗ്രസ് മൈനോരിട്ടി സെൽ അധ്യക്ഷൻ ഷാനവാസ് ആലത്തെ അറസ്റ്റ് ചെയ്തു. 2019 ഡിസംബർ 19 ലെ സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധവുമായി ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നേതാക്കളെ സർക്കാർ വ്യാജകേസിൽ കുടുക്കുകയാണ് എന്നും നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും യുപിപിസിസി അറിയിച്ചു.

തിങ്കളാഴ്ചയാണ് ലഖ്നോ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആലത്തെ അറസ്റ്റ് ചെയ്ത വിവരം സെൻട്രൽ ഡി.സി.പി ദിനേഷ് സിങ് സ്ഥിരീകരിച്ചു. ആലത്തിനെതിരെ തെളിവുകളുണ്ടെന്നും ഡി.സി.പി അറിയിച്ചു. അദ്ദേഹത്തെ പൊലീസ് കൊണ്ടു പോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Advertising
Advertising

ഷാനവാസ് ആലത്തേയും രണ്ട് പേരെയും തിങ്കളാഴ്ച വൈകീട്ടോടെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് മറ്റ് രണ്ട് പേരെ വിട്ടയച്ച് ആലത്തിന്‍റെ അറസ്റ്റ് മാത്രം രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ പാർട്ടി അധ്യക്ഷൻ അജയ് ലല്ലുവിനെതിരേയും പൊലീസ് കള്ളകേസ് എടുത്തിരുന്നുവെന്നും യു.പി കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു.

ആലത്തിന്‍റെ അറസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളറിയാൻ യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലുവും നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്രയും പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയ കോൺഗ്രസ് പ്രവർത്തകരെ പിരിച്ച് വിടാൻ പൊലീസ് ലാത്തിവീശി.

ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നേതൃനിരയില്‍ നേരത്തെ പ്രവര്‍ത്തിക്കുകയും പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്ത ഷാനവാസ് ആലത്തെ കഴിഞ്ഞ ജനുവരിയിലാണ് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ അധ്യക്ഷനായി നിയമിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കണമെന്ന പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഷാനവാസ് ആലത്തെ ന്യൂനപക്ഷ സെല്ലിന്‍റെ അധ്യക്ഷനാക്കിയത്.

ഒരു ദശകത്തോളം വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലായിരുന്നു ഷാനവാസ് ആലം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിന് ശേഷം റിഹായ് മഞ്ച് എന്ന മനുഷ്യാവകാശ സംഘടന പ്രവര്‍ത്തത്തിലായിരുന്നു. 2018ലാണ് ഷാനവാസ് ആലം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

Tags:    

Similar News