യു.പിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് എസ്.പി

യോഗി സര്‍ക്കാര്‍ ഭരണം ക്രിമിനലുകള്‍ക്ക് മുന്‍പില്‍ അടിയറ വെച്ചിരിക്കുകയാണെന്ന് സമാജ്‍വാദി പാര്‍ട്ടി

Update: 2020-10-19 09:49 GMT
Advertising

ഉത്തര്‍പ്രദേശില്‍ ക്രമസമാധാനനില തകര്‍ന്നെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സമാജ്‍വാദി പാര്‍ട്ടി. യോഗി സര്‍ക്കാര്‍ ഭരണം ക്രിമിനലുകള്‍ക്ക് മുന്‍പില്‍ അടിയറ വെച്ചിരിക്കുകയാണെന്നും എസ്.പി വക്താവ് സുനില്‍ സിങ് പറഞ്ഞു.

"മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ക്രമാസമാധാന നില കൊലയ്ക്ക് കൊടുക്കുകയാണ്. കുറ്റവാളികള്‍ക്ക് മുന്‍പില്‍ ഭരണം അടിയറ വെച്ചിരിക്കുന്നു. ബല്ലിയയെ ഭയമാണെന്ന് യോഗി ആദിത്യനാഥ് തന്നെ പറയുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. എന്തുകൊണ്ടാണ് ബല്ലിയയെ ഇപ്പോള്‍ പേടിക്കുന്നത്. കാരണം നിങ്ങളുടെ ഗുണ്ടകള്‍ ദലിതുകളെ കൊല്ലുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഗുണ്ടകളെ ഭയമാണ്. ബല്ലിയ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ഏത് പാര്‍ട്ടിക്കാരാണെന്ന് മുഖ്യമന്ത്രി തന്നെ പറയണം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതാണ് നല്ലത്"- എസ്.പി വക്താവ് പറഞ്ഞു.

ബല്ലിയയില്‍ റേഷന്‍ ഷോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച യോഗത്തിനിടെ എംഎല്‍എ സുരേന്ദ്ര സിങിന്‍റെ സഹായി ഒരാളെ വെടിവെച്ച് കൊല്ലുകയുണ്ടായി. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. ധിരേന്ദ്രസിങ് എന്ന അക്രമി പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ എംഎല്‍എ ഇയാളെ ന്യായീകരിച്ച് രംഗത്തെത്തിയത് പ്രതിഷേധത്തിനിടയാക്കി. പിന്നാലെ ഹാഥ്റസ്, ബല്ലിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.പിയും കോണ്‍ഗ്രസും യോഗി സര്‍ക്കാരിനെതിരായ വിമര്‍ശനം കടുപ്പിച്ചു.

Tags:    

Similar News