രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം; ആകാംക്ഷയോടെ മുന്നണികള്‍

പാർട്ടി പ്രഖ്യാപിച്ച്, തെരഞ്ഞെടുപ്പിനെ നേരിടാൻ രജനി ഒരുങ്ങുമ്പോൾ, ഡി.എം.കെക്കും അണ്ണാ ഡി.എം.കെയ്ക്കും നഷ്ടങ്ങൾ സംഭവിയ്ക്കാനുള്ള സാധ്യത ഏറെയാണ്

Update: 2020-12-04 11:57 GMT
Advertising

തമിഴ്നാട്ടിൽ രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം സജീവ ചർച്ചയാകുന്നു. ബി.ജെ.പിയോട് അടുത്തു നിൽക്കുന്ന രജനീകാന്തിന്റെ പാർട്ടിയുടെ ആദർശങ്ങളും നിലപാടുകളും തന്നെയാണ് പ്രധാന വിഷയം. രജനിയുടെ രാഷ്ട്രീയ പാർട്ടിയെ സ്വാഗതം ചെയ്യുന്ന എ.ഐ.എ.ഡി.എം.കെ സഖ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ തള്ളി കളയുന്നുമില്ല.

പാർട്ടി പ്രഖ്യാപിച്ച്, തെരഞ്ഞെടുപ്പിനെ നേരിടാൻ രജനി ഒരുങ്ങുമ്പോൾ, ഡി.എം.കെക്കും അണ്ണാ ഡി.എം.കെയ്ക്കും നഷ്ടങ്ങൾ സംഭവിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഇതു തന്നെയാണ് ഇരു മുന്നണികളിലും ചർച്ചയാവുന്നതും. പാർട്ടിയുടെ വോട്ടുകൾ തന്നെ ചോരാനുള്ള സാധ്യതയും ഇവർ മുന്നിൽ കാണുന്നുണ്ട്. രജനി മക്കൾ മൻട്രത്തെക്കാളുപരി സാധാരണക്കാർ രജനിയിൽ പ്രതീക്ഷയർപ്പിച്ചേക്കും. അണ്ണാ ഡി.എം.കെയുടെ ഉന്നതാധികാര സമിതി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഒ. പനീർശെൽവമാണ് രജനീകാന്തിന്റെ പാർട്ടിയെ സ്വാഗതം ചെയ്തത്. രാഷ്ട്രീയത്തിൽ സഖ്യം ഉൾപ്പെടെയുള്ള എന്തും സംഭവിയ്ക്കാമെന്നും പനീർശെൽവം പ്രതികരിച്ചു.

എൻ.ഡി.എയുടെ മൂന്നാം ടീമായി രജനിയുടെ പാർട്ടി മാറുമെന്നാണ് മറ്റൊരു വിമർശനം ഉയരുന്നത്. പനീർശെൽവത്തിന്റെ പ്രസ്താവനയെ ചേർത്തുവച്ചാണ് ഈ വിമർശനം. വളരെ വിരളമായി മാത്രമാണ് രജനി, അണ്ണാ ഡി.എം.കെയെയും ബി.ജെ.പിയെയും വിമർശിക്കാൻ തയ്യാറായിട്ടുള്ളത്.

തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിയ്ക്കാൻ തയ്യാറായാൽ നഷ്ടങ്ങളുണ്ടാകുമെന്ന് രജനിയ്ക്കും ധാരണയുണ്ട്. കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന്റെയും വിജയകാന്തിന്റെ ഡി.എം.ഡികെയുടെയും അനുഭവങ്ങൾ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന് മുമ്പായി ഒരു മുന്നണിലെത്താനുള്ള ശ്രമമായിരിയ്ക്കും രജനിയും നടത്തുക.

Tags:    

Similar News