കർണാടക ലൈം​ഗികാതിക്രമ കേസ്; വീഡിയോകൾ സൂക്ഷിച്ചിരിക്കുന്നവർ നീക്കണം, ഇല്ലെങ്കിൽ നടപടിയെന്ന് പൊലീസ്

സ്ത്രീകളെ ഇരുവരും ചേർന്ന് ലൈം​ഗികാതിക്രമത്തിന് ഇരകളാക്കുന്ന വീഡിയോകൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയത്.

Update: 2024-05-07 09:34 GMT
Advertising

ബെം​ഗളൂരു: കർണാടകയിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെഡിഎസ് എം.പിയുമായ പ്രജ്വൽ രേവണ്ണയും പിതാവ് എച്ച്.ഡി രേവണ്ണയും പ്രതികളായ ലൈം​ഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും കൈവശം വച്ചിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി അന്വേഷണ സംഘം. സ്ത്രീകളെ ലൈം​ഗികാതിക്രമത്തിന് ഇരകളാക്കുന്ന വീഡിയോകൾ കൈവശമുള്ളവർ എത്രയും വേ​ഗം നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്നും എസ്ഐടി മുന്നറിയിപ്പ് നൽകി.

സ്ത്രീകളെ ഇരുവരും ചേർന്ന് ലൈം​ഗികാതിക്രമത്തിന് ഇരകളാക്കുന്ന വീഡിയോകൾ ഇപ്പോഴും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുന്നത് ഇരകൾക്ക് മാനഹാനി വരുത്തുമെന്ന് എസ്ഐടി പറഞ്ഞു. “മെസഞ്ചർ സർവീസുകളിലൂടെ ഈ വീഡിയോകൾ ഷെയർ ചെയ്യുന്ന ആളുകളെ കണ്ടെത്തൽ എളുപ്പമാണ്. അതിനാൽ അത്തരം വ്യക്തികൾക്കെതിരെ നടപടിയെടുക്കും”- എസ്ഐടി വ്യക്തമാക്കി.

അതിനാൽ, നിയമനടപടികൾ ഒഴിവാക്കാൻ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവരുടെ വീഡിയോ, ഓഡിയോ, ഫോട്ടോകൾ എന്നിവ ഫോണുകളിൽ നിന്നുൾപ്പെടെ നീക്കാൻ പൊതുജനങ്ങളോട് നിർദേശിക്കുന്നതായും എസ്ഐടി ചൂണ്ടിക്കാട്ടി. ലൈം​ഗികാതിക്രമത്തിന് ഇരകളായ സ്ത്രീകൾക്ക് എസ്ഐടിയെ സമീപിക്കാൻ നേരത്തെ ഹെൽപ്പ് ലൈൻ തുടങ്ങിയിരുന്നു.

പ്രജ്വൽ രേവണ്ണ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരകളാക്കുന്ന നൂറുകണക്കിന് വീഡിയോകൾ കഴിഞ്ഞമാസം പ്രചരിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് സർക്കാർ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെഡിഎസ് എം.പിയുമായ പ്രജ്വൽ രേവണ്ണ, പിതാവും മുൻ മന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണ എന്നിവർ പ്രതികളായ ലൈം​ഗികാതിക്രമക്കേസ് നിലവിൽ എസ്ഐടി അന്വേഷണത്തിലാണ്.

കഴിഞ്ഞദിവസം അറസ്റ്റിലായ രേവണ്ണ എസ്ഐടി കസ്റ്റഡിയിലാണ്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രജ്വലിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രം​ഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നൽകുകയായിരുന്നു.

പ്രജ്വലിനെതിരെ പരാതിയുമായി ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയും രം​ഗ​ത്തെത്തിയിരുന്നു. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്തിയെന്നാണ് വനിതാ നേതാവിന്‍റെ പരാതി. മൂന്നു വർഷത്തോളം പീഡനം തുടർന്നെന്നും പരാതിയിൽ പറയുന്നു. 2021ൽ ഹാസൻ നഗരത്തിലെ തൻ്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വച്ച് തന്നെ പ്രജ്വല്‍ ബലാത്സംഗം ചെയ്തതായാണ് 44കാരിയുടെ പരാതി.

സഹകരിച്ചില്ലെങ്കിൽ തന്നെയും ഭർത്താവിനെയും കൊന്നുകളയുമെന്ന് പ്രജ്വല്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരി പറഞ്ഞു. ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും 2021 ജനുവരി ഒന്നിനും 2024 ഏപ്രിൽ 25നും ഇടയിൽ നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തതായും പരാതിലുണ്ട്.

പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവരിൽ ഒരാളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ എച്ച്.ഡി രേവണ്ണക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇരയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രേവണ്ണയുടെ വീട്ടിൽ ആറു വർഷം ജോലിക്കാരിയായി നിന്നയാളെയാണ് കാണാതായതെന്നാണ് പരാതി.

അതേസമയം, ലൈംഗികാതിക്രമക്കേസിൽപ്പെട്ട്‌ രാജ്യം വിട്ട പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട്‌ സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെട്ട്‌ പ്രജ്വൽ അഭിഭാഷകൻ മുഖേന അപേക്ഷ നൽകിയിരുന്നു. ഇത്‌ തള്ളിയാണ് എസ്‌ഐടി ലുക്കൗട്ട്‌ സർക്കുലർ പുറപ്പെടുവിച്ചത്‌. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News