കർക്കരെയെ കൊന്നതാര്?; മഹാരാഷ്ട്ര എ.ടി.എസ് മുൻ തലവന്റെ മരണം വീണ്ടും ചർച്ചയാകുന്നു

രാജ്യത്തെ നടുക്കിയ നിരവധി സ്ഫോടനങ്ങളിൽ ഹിന്ദുത്വ ശക്തികളുടെ പങ്ക് പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് മുംബൈ ഭീകരാക്രമണത്തിനിടെ കർക്കരെ കൊല്ലപ്പെട്ടത്.

Update: 2024-05-07 05:37 GMT
Advertising

മുംബൈ: മഹാരാഷ്ട്ര എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കർക്കരെയുടെ മരണം വീണ്ടും ചർച്ചയാകുന്നു. മുംബൈ ഭീകരാക്രമണത്തിനിടെ 2008ലാണ് ഹേമന്ദ് കർക്കരെ കൊല്ലപ്പെട്ടത്. ആർ.എസ്.എസ് ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റാണ് കർക്കരെ കൊല്ലപ്പെട്ടതെന്ന മഹാരാഷ്ട്ര പ്രതിപക്ഷനേതാവ് വിജയ് വഡേത്തിവാറിന്റെ ആരോപണമാണ് വിഷയം വീണ്ടും സജീവമാക്കിയത്. നോർത്ത്-സെൻട്രൽ മുംബൈയിലെ ബി.ജെ.പി സ്ഥാനാർഥിയും മുംബൈ ഭീകരാക്രമണക്കേസിൽ പ്രോസിക്യൂട്ടറുമായിരുന്നു ഉജ്ജ്വൽ നികത്തിന് ഇക്കാര്യം അറിയാമെന്നും കോടതിയിൽ അക്കാര്യം മറച്ചുവെക്കുകയായിരുന്നുവെന്നും വഡേത്തിവാർ പറഞ്ഞു.



മുംബൈ ഭീകരാക്രമണക്കേസ് പ്രതിയായിരുന്ന അജ്മൽ കസബിനെ നിരപരാധിയാക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് ആരോപിച്ച് മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതുവഴി പാകിസ്താനിൽനിന്ന് വോട്ട് തട്ടാനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും വഡേത്തിവാറിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. കോൺഗ്രസ് തീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു ശിവസേന (ഏക്‌നാഥ് ഷിൻഡെ പക്ഷം) വക്താവായ കിരൺ പവസ്‌കറുടെ ആരോപണം. കോൺഗ്രസ് ഭരണകാലത്താണ് കശ്മീർ മുതൽ കന്യാകുമാരി വരെ ഭീകരാക്രമണങ്ങൾ നടന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.

പരാമർശം വിവാദമായതോടെ താൻ സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മഹാരാഷ്ട്ര പൊലീസ് ഐ.ജിയായിരുന്ന എസ്.എ മുശരിഫിന്റെ 'കർക്കരയെ കൊന്നതാര്?' എന്ന പുസ്തകത്തിലെ കാര്യങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കോൺഗ്രസ് നേതാവിന്റെ വിശദീകരണം. 2008 നവംബർ 26ന് ഭീകരാക്രമണത്തിനിടെ കാമ ഹോസ്പിറ്റലിന് പുറത്തുവെച്ചാണ് ഹേമന്ത് കർക്കരെ, എ.സി.പി അശോക് കാംതെ, ഇൻസ്‌പെക്ടർ വിജയ് സലസ്‌കർ എന്നിവരും മറ്റു രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടത്.



ഇന്ത്യയെ പിടിച്ചുകുലുക്കിയ ഒരു ഡസനോളം സ്‌ഫോടന പരമ്പരകൾക്ക് പിന്നിൽ സംഘ്പരിവാർ സംഘടനകളാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തിയ പൊലീസുകാരനാണ് കർക്കരെ. മലേഗാവ് സ്‌ഫോടനം, മുംബൈ ട്രെയിൻ സ്‌ഫോടനം, അഹമ്മദാബാദ് ബോംബ് സ്‌ഫോടനം, ഡൽഹി ബോംബ് സ്‌ഫോടനം, സഝോത എക്‌സ്പ്രസ് സ്‌ഫോടനം, ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനം, അജ്മീർ ദർഗ സ്‌ഫോടനം, യു.പി കോടതിയിലെ സ്‌ഫോടന പരമ്പര, ജയ്പൂർ സ്‌ഫോടനം, നന്ദേഡ് സ്‌ഫോടനം തുടങ്ങിയ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഹിന്ദുത്വ നേതാക്കൾ മുൻ സൈനിക ഉദ്യോഗസ്ഥരുമാണ് എന്നായിരുന്നു കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എ.ടി.എസിന്റെ കണ്ടെത്തൽ. പ്രഗ്യാ സിങ് ഠാക്കൂർ, കേണൽ ശ്രീകാന്ത് പുരോഹിത് തുടങ്ങിയ ആർ.എസ്.എസ് ബന്ധമുള്ളവരെ എ.ടി.എസ് അറസ്റ്റ് ചെയ്തത് ഹിന്ദുത്വ ശക്തികളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.



ഇതിന് പിന്നാലെ കർക്കരെ കൊല്ലപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ദാദറിലെ വീട്ടിൽ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഛത്രപതി ശിവജി ടെർമിനലിൽ ആക്രമണം നടക്കുന്നതായി കർക്കരയെക്കു ഫോൺ സന്ദേശം ലഭിച്ചത്. ഉടനെ തന്റെ ഡ്രൈവറെയും അംഗരക്ഷകനെയും കൂട്ടി പുറപ്പെട്ടു. അവിടെന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഒന്നാം പ്ലാറ്റ് ഫോമിലേക്ക് കുതിച്ചു. ഇക്കാര്യങ്ങളെല്ലാം ടെലിവിഷനിൽ തത്സമയം ലോകം കണ്ടു. അക്രമികൾ ആസാദ് മൈതാൻ പൊലിസ് സ്റ്റേഷനു സമീപത്തെ കാമ ആശുപത്രി ഭാഗത്തേക്ക് നീങ്ങിയെന്ന വിവരമാണ് കർക്കരെയ്ക്കു ലഭിച്ചത്. സ്റ്റേഷനിൽനിന്ന് അഡീഷനൽ പൊലീസ് കമ്മീഷണർ അശോക് കാംതെ, മുതിർന്ന ഇൻസ്‌പെക്ടർ സലസ്‌കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അത്യാധുനിക യന്ത്രത്തോക്കുകളേന്തി ആക്രമണം നടത്തുന്നവരെ നേരിടാൻ ഇവർ ഏതാനും കോൺസ്റ്റബിൾമാരെയും കൂട്ടി കാമ ആശുപത്രിക്കു പിന്നിലൂടെ പോയി. പിന്നീട് നടന്നത് നേരിട്ടുള്ള ഏറ്റുമുട്ടൽ. ഇതിനിടെ വയർലെസിലൂടെ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഓഫിസിൽനിന്ന് തിരിഞ്ഞ് കോർപറേഷൻ ബാങ്ക് എ.ടി.എമ്മിനു സമീപത്തെ രംഗ് ഭവനിലേക്ക് ചുവന്ന കാറിനെ അന്വേഷിച്ചു മുന്നേറിയത്. ഉദ്യോഗസ്ഥർ ആക്രമണകാരികൾക്കെതിരെ വെടിയുതിർത്തു. തിരിച്ചുനടത്തിയ വെടിവെപ്പിൽ കർക്കരെ അടക്കമുള്ളവർ ക്രൈംബ്രാഞ്ച് ഓഫിസിനു സമീപത്തെ സെന്റ് സേവ്യേർസ് കോളജിനും രംഗ് ഭവനു ഇടയിലുള്ള ഇടവഴിയിൽ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക ഭാഷ്യം.



കർക്കരെയുടെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും എം.പിയുമായിരുന്ന എ.ആർ ആന്തുലെ പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഹിന്ദുത്വ ശക്തികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അദ്ദേഹം തിരുത്താൻ തയ്യാറായില്ല. കർക്കരെ വധത്തിന് പിന്നിലെ ദൂരുഹതകളിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണ് മഹാരാഷ്ട്ര പൊലീസിലെ മുൻ ഐ.ജിയായിരുന്ന എസ്.എ മുശരിഫ് എഴുതിയ 'കർക്കരയെ കൊന്നതാര്?' എന്ന പുസ്തകം. ഇന്റലിജൻസ് ബ്യൂറോ, റോ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളിലെ ആർ.എസ്.എസ് സ്വാധീനത്തെക്കുറിച്ചും മഹാരാഷ്ട്ര എ.ടി.എസ് തലപ്പത്തുനിന്ന് കർക്കരയെ നീക്കാനുള്ള സംഘ്പരിവാർ ഗൂഢാലോചനയെക്കുറിച്ച് പുസ്തകത്തിൽ മുശരിഫ് പറയുന്നുണ്ട്.

കർക്കരെ വധം വീണ്ടും ചർച്ചയായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഗൗരവമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ ആവശ്യപ്പെട്ടു. അന്വേഷണം നടത്താൻ ഇനിയും വൈകരുത്. ഇതുപോലുള്ള പ്രധാനപ്പെട്ട ഒരു വിഷയത്തിൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News