മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരായ അഴിമതി ആരോപണം; രാജിവെക്കില്ലെന്ന് പാര്‍ട്ടി

അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു.

Update: 2021-03-22 06:08 GMT
Advertising

അഴിമതി ആരോപണത്തെ തുടർന്ന് വിവാദത്തിലായ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് രാജി വെക്കില്ലെന്ന് എൻ.സി.പി. ആരോപണത്തിന്റെ പേരിൽ മന്ത്രി രാജി വെക്കേണ്ട കാര്യമില്ലെന്ന് മന്ത്രിയും എൻ.സി.പി നേതാവുമായ ജയന്ദ് പാട്ടീൽ പറഞ്ഞു.

നിയമവിരുദ്ധ മാർ​ഗത്തിലൂടെ പ്രതി മാസം നൂറ് കോടി രൂപ ശേഖരിക്കാൻ അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടതായി പുറത്താക്കപ്പെട്ട ക്രൈംബ്രാഞ്ച് ഓഫീസർ സച്ചൻ വാസെ ആരോപിച്ചിരുന്നു. ബാർ, റെസ്റ്റൊറന്റ്, ഹുക്ക പാർലറുകളിൽ നിന്നും ദേശ്മുഖ് പണം വാങ്ങിയിരുന്നതായി മുൻ കമ്മീഷണർ പരംബീർ സിങ്ങും ആരോപിച്ചിരുന്നു.

അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്തെത്തുകയുണ്ടായി. എന്നാൽ ശരിയായ അന്വേഷണത്തിന് ശേഷം അനിൽ ദേശ്മുഖ് കുറ്റം ചെയ്തെന്ന് തെളിയട്ടെ എന്നാണ് പാർട്ടി നിലപാട്. കുറ്റം തെളിയാത്ത പക്ഷം, അതുവരെ മന്ത്രി രാജി വെക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ജയന്ദ് പാട്ടീൽ പറഞ്ഞു.

എന്നാല്‍, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‍മുഖിനെതിരായ പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണം ഗൗരവമുള്ളതെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ പറഞ്ഞു. എന്നാൽ അനിൽ ദേശ്മുഖിന്റെ രാജി ഇപ്പോൾ പരിഗണനയിലില്ല. പൊലീസ് കമ്മീഷണറായിരിക്കെ എന്തുകൊണ്ട് പരംബീർ സിങ് ആരോപണങ്ങൾ ഉന്നയിച്ചില്ലെന്നും ശരത് പവാർ ചോദിച്ചു.

അതിനിടെ, അഴിമതി ആരോപണം ചർച്ച ചെയ്യാൻ കോൺ​ഗ്രസ്, ശിവസേന, എൻ.സി.പി പാർട്ടികൾ ഉൾപ്പെട്ട മഹാ വികാസ് അഖാഡി സഖ്യം തിങ്കളാഴ്ച്ച യോ​ഗം ചേരും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News