ഒറ്റവർഷം കൊണ്ട് ദാരിദ്ര്യം ഇരട്ടിയായി; കോവിഡ് ഇന്ത്യയെ തകർത്തത് ഇങ്ങനെ

ഒരു വർഷം കൊണ്ടു മാത്രം ദരിദ്രരില്‍ 7.4 കോടി പേരുടെ വർധന

Update: 2021-04-23 06:52 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: ഒരു വർഷം കൊണ്ട് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ആറു കോടിയിൽ നിന്ന് പതിമൂന്നരക്കോടിയായി വർധിച്ചെന്ന് യുഎസ് തിങ്ക് ടാങ്കായ പ്യൂ റിസർച്ച് സെന്ററിന്റെ പഠനം. കോവിഡ് മഹാമാരി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ അതിഗുരുതരമായി ബാധിച്ചതായും റിപ്പോർട്ട് പറയുന്നു. കോവിഡ് ഒന്നാം തരംഗകാലത്തെ റിപ്പോർട്ടാണ് പ്യൂവിന്റേത്. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള ലോകബാങ്കിന്റെ അനുമാനമാണ് പഠനത്തിന്റെ പ്രധാന ആധാരം.

ദരിദ്രരാക്കിയ ഒന്നാം തരംഗം

പഠനത്തിന്റെ ഭാഗമായി പ്യൂ ഇന്ത്യയ്ക്കാരെ നാലായി തിരിച്ചിട്ടുണ്ട്. ഒന്ന്: രണ്ടോ അതിൽക്കുറവ് ഡോളറോ (പരമാവധി 150 രൂപ വരെ) പ്രതിദിനം സമ്പാദിക്കുന്നവർ-ദരിദ്രർ, 2.01 മുതൽ പത്തു ഡോളർ വരെ (150-750 രൂപ) സമ്പാദിക്കുന്നവർ -താഴ്ന്ന വരുമാനക്കാർ, മൂന്ന്: 10.1 മുതൽ 20 ഡോളർ വരെ (750-1500 രൂപ) പ്രതിദിന സമ്പാദ്യമുള്ളവർ- മധ്യവരുമാനക്കാര്‍, നാല്: 20.1 മുതൽ 50 ഡോളർ (1500-3750 രൂപ) വരെ വരുമാനമുള്ളവർ-സമ്പന്ന മധ്യവരുമാനക്കാർ, അഞ്ച്: 50 മുതൽ മുകളിലോട്ട്- ഉയർന്ന വരുമാനക്കാർ.

Advertising
Advertising

ഇതിൽ ദരിദ്രവിഭാഗക്കാർ ആറ് കോടിയിൽ നിന്ന് 13.4 കോടിയായി എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അതായത് ഒരു വർഷം കൊണ്ടു മാത്രം ഈ വിഭാഗത്തിൽ 7.4 കോടി പേരുടെ വർധനയാണ് ഉണ്ടായത്. രാജ്യത്തെ മധ്യവർഗത്തിൽ 3.2 കോടിയുടെ കുറവുണ്ടായെന്നും പഠനം പറയുന്നു. മഹാമാരിക്ക് മുമ്പ് മധ്യവർഗക്കാർ 9.9 കോടിയായിരുന്നു എങ്കിൽ ഇപ്പോഴത് 6.6 കോടിയാണ്.

കോവിഡ് 19 മാന്ദ്യം സാമ്പത്തിക അസമത്വം വർധിപ്പിച്ചിട്ടുണ്ട്. ദരിദ്രരുടെ എണ്ണം ഇതിലും കൂടാനാണ് സാധ്യതയെന്ന് പഠനം പറയുന്നു. മഹാമാരി മൂലം വികസ്വര രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ ജിഡിപി ഇടിവുണ്ടായത് ഇന്ത്യയിലാണ്. ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ ഉണ്ടാക്കിയത് ദരിദ്രരിലും.

രണ്ടാം തരംഗത്തിന്റെ സ്വാധീനം

പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമായിരിക്കും രണ്ടാം തരംഗം രാജ്യത്തുണ്ടാക്കുന്ന ആഘാതമെന്നാണ് വിലയിരുത്തൽ. കർശന നിയന്ത്രണങ്ങൾ ചെറുകിട സംരഭങ്ങൾ അടക്കമുള്ള വ്യാപാരങ്ങളെ ബാധിക്കുമെന്ന് നൊമുറയുടെ റിപ്പോർട്ട് പറയുന്നു. പ്രഖ്യാപിത ലോക്ക്ഡൗൺ ഇല്ലെങ്കിലും അതിനു സമാനമായ സാഹചര്യത്തിലൂടെയാണ് രാജ്യം മുമ്പോട്ടു പോകുന്നത്. വ്യാഴാഴ്ച മാത്രം മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകളും 2100ത്തിലേറെ മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News