മൂന്നാം തരംഗത്തെ നേരിടാന്‍ മുന്നൊരുക്കം; 5000 പേര്‍ക്ക് ആരോഗ്യമേഖലയില്‍ പരിശീലനം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

പ്രഥമശുശ്രൂഷ, പാരാമെഡിക്സ്, തുടങ്ങിയവയില്‍ പരിശീലനം നല്‍കി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കീഴില്‍ നിയമിക്കാനാണ് നീക്കം.

Update: 2021-06-16 09:06 GMT

കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്കകള്‍ നിലനില്‍ക്കെ മുന്‍കരുതല്‍ നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. 5000 പേര്‍ക്ക് ആരോഗ്യമേഖലയില്‍ പരിശീലനം നല്‍കാനാണ് നീക്കം. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ജൂണ്‍ 17മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഓണ്‍ലൈന്‍ മുഖേനയാകും രജിസ്ട്രേഷന്‍. ജൂണ്‍ 28ന് 500പേരടങ്ങുന്ന ബാച്ചുകള്‍ക്ക് പരിശീലനം തുടങ്ങും. 

കോവിഡ് മൂന്നാം തരംഗത്തില്‍ നിന്ന് ഡല്‍ഹിയെ രക്ഷിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. ഓക്സിജന്‍ പ്ലാന്‍റുകള്‍, സിലിണ്ടറുകള്‍, കോണ്‍സണ്‍ട്രേറ്ററുകള്‍ തുടങ്ങി വിവിധ സംവിധാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. എന്നാല്‍, ആവശ്യത്തിനുള്ള മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫുകളില്ല. ഇത് കണക്കിലെടുത്ത് 5000 പേര്‍ക്ക് ഹെല്‍ത്ത് അസിസ്റ്റന്‍റ് അഥവ കമ്മ്യൂണിറ്റി നഴ്സിങ് അസിസ്റ്റന്‍റ് പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Advertising
Advertising

പന്ത്രണ്ടാം ക്ലാസ് പാസാവുകയെന്നതാണ് പരിശീലനത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് അവസരം. ഇത്തരത്തില്‍ പരിശീലനം ലഭിച്ചവരെ ഡോക്ടര്‍മാരെയും നഴ്സുമാരെയും സഹായിക്കാന്‍ നിയോഗിക്കും. ദിവസവേതനാടിസ്ഥാനത്തിലാകും ഇവരെ നിയമിക്കുകയെന്നും കെജ്രിവാള്‍ വ്യക്തമാക്കി. പ്രഥമശുശ്രൂഷ, പാരാമെഡിക്സ്, നഴ്സിംഗ്, ലൈഫ് സേവിംഗ്, ഹോം കെയർ എന്നിവയില്‍ ഇവര്‍ക്ക് അടിസ്ഥാന പരിശീലനം നല്‍കും. ഡല്‍ഹിയിലെ ഒമ്പത് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വച്ചാകും പരിശീലനം.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News