'പ്രിയപ്പെട്ട ബിജെപി, നിങ്ങൾ എന്തുകൊണ്ടാണ് ഡല്‍ഹിയെ വെറുക്കുന്നത്?' എഎപി

കേന്ദ്ര അംഗീകാരത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Update: 2021-06-06 04:39 GMT
Advertising

ഡല്‍ഹിയില്‍ റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുരങ്കം വച്ചെന്ന് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ 72 ലക്ഷം പേര്‍ക്ക് പ്രയോജനപ്പെടുമായിരുന്ന പദ്ധതിയാണിത്. കേന്ദ്ര അംഗീകാരത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

ഇത്തരമൊരു പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് കെജ്‍രിവാളിന്‍റെ ഓഫീസ് അറിയിച്ചു. ഈ വിഷയത്തില്‍ കോടതി ഉത്തരവുകളൊന്നുമില്ലാത്തതിനാല്‍ പദ്ധതി തുടങ്ങുന്നതിന് ഒരു പ്രശ്നവുമില്ല. ഫയൽ നിരസിക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ഡല്‍ഹി ഭക്ഷ്യമന്ത്രി ഇമ്രാൻ ഹുസൈൻ പറഞ്ഞു.

'ബിജെപി ഈ മാര്‍ച്ചില്‍ തമിഴ്നാട്ടില്‍ റേഷന്‍ ഹോം ഡെലിവറി ഉറപ്പാക്കുമെന്ന് പറഞ്ഞു. ഇന്ന് ഡല്‍ഹിയിലെ റേഷന്‍ ഹോം ഡെലിവറി ബിജെപി തടഞ്ഞു. പ്രിയപ്പെട്ട ബിജെപി ഒരിക്കല്‍ കൂടി ചോദിക്കുന്നു.. എന്തുകൊണ്ട് ഡല്‍ഹിയെ വെറുക്കുന്നു?' എഎപി ട്വീറ്റ് ചെയ്തു.

കേന്ദ്രത്തെ അറിയിച്ച ശേഷമാണ് പദ്ധതി രൂപകൽപ്പന ചെയ്തതെന്നും കേന്ദ്രസർക്കാരിന്റെ എല്ലാ നിർദേശങ്ങളും ഉൾപ്പെടുത്തിയിരുന്നുവെന്നും എഎപി വ്യക്തമാക്കി. അന്തിമ അംഗീകാരത്തിനായി ഫയൽ മെയ് 24നാണ് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് അയച്ചത്. ആ ഫയല്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തിരിച്ചയച്ചു. "പ്രധാനമന്ത്രീ, കെജ്‌രിവാൾ സർക്കാരിന്റെ വീട്ടുപടിക്കല്‍ റേഷൻ പദ്ധതി നിർത്തിയതില്‍, റേഷൻ മാഫിയയുമായി നിങ്ങൾക്ക് ബന്ധമുണ്ടോ?" എന്നും ആം ആദ്മി പാർട്ടി ചോദിക്കുന്നു.

റേഷന്‍ കടകളില്‍ പോകാതെ തന്നെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതായിരുന്നു പദ്ധതി. ഒരാള്‍ക്ക് 4 കിലോ ഗോതമ്പ്, ഒരു കിലോ അരി, പഞ്ചസാര എന്നിവയാണ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. റേഷന്‍ മാഫിയയെ അകറ്റിനിര്‍ത്താന്‍ പര്യാപ്തമായിരുന്നു പദ്ധതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. മാർച്ച് 25ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന പദ്ധതി കേന്ദ്രത്തിന്‍റെ ചില എതിര്‍പ്പുകളെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു.

മഹാമാരിക്കെതിരായ ഡല്‍ഹിയുടെ പോരാട്ടത്തെ തടയുന്നതാണ് കേന്ദ്രത്തിന്‍റെ ഇടപെടലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. കോവിഡിന്‍റെ മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ഡല്‍ഹി. കുട്ടികളെ ഈ ഘട്ടത്തില്‍ കോവിഡ് കൂടുതലായി ബാധിച്ചേക്കും. റേഷൻ കടകളുടെ പുറത്തെ നീണ്ട ക്യൂ വൈറസ് പടരാന്‍ ഇടയാക്കും. അതുകൊണ്ടാണ് വേഗത്തില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു കെജ്‍രിവാളിന്‍റെ ഓഫീസ് അറിയിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News