#ResignModi പോസ്റ്റുകള്‍ നീക്കാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം

വിലക്ക് അബദ്ധത്തിൽ സംഭവിച്ചതാണെന്നായിരുന്നു ഫേസ്ബുക്കിന്‍റെ വിശദീകരണം

Update: 2021-04-29 09:32 GMT
Editor : Suhail | By : Web Desk
Advertising

ഫേസ്ബുക്കിലെ #ResignModi ഹാഷ് ടാ​ഗ് പിൻവലിച്ചതിന് പിന്നിൽ പങ്കില്ലെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ. ജനകീയ പ്രതിഷേധങ്ങൾക്ക് തടയിടാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഹാഷ് ടാ​ഗ് വിലക്കാൻ കാരണമെന്ന വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് സർക്കാർ തള്ളുകയും ചെയ്തു. ഫേസ്ബുക്കിന് ഇത്തരത്തിലുള്ള യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

കോവി‌ഡ് പ്രതിസന്ധി അതീവ രൂക്ഷമാവുകയും ഓക്സിജൻ ക്ഷാമം പലയിടത്തും രോ​ഗികളുടെ മരണത്തിന് കാരണമാവുകയും ചെയ്ത് പശ്ചാതലത്തിലാണ്, സർക്കാർ പരാജയം തുറന്ന് കാട്ടിയുള്ള 'റിസൈൻ മോദി' ഹാഷ് ടാ​ഗുകൾ പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിൽ ട്രേൻഡിങ്ങായതിന് പിന്നാലെ പോസ്റ്റുകളും ട്വീറ്റുകളും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് #ResignModi ഹാഷ്ടാ​ഗുകൾ വിലക്കികൊണ്ടുള്ള ഫേസ്ബുക്കിന്റെ ഇടപെടൽ. തങ്ങളുടെ സമൂഹമാനദണ്ഡ പ്രകാരം അനുചിതമായതിനാൽ ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ താൽക്കാലികമായി നീക്കുന്നുവെന്നാണ് ബ്ലോക്ക് ചെയ്തതിന് കാരണമായി ഫേസ്ബുക്ക് പറഞ്ഞത്.

എന്നാൽ ഇതിനെതിരെ പ്രതിഷേധം വ്യാപകമാവുകയതോടെ ഫേസ്ബുക്ക് വിലക്ക് പിൻവലിക്കുകയായിരുന്നു. വിലക്ക് അബദ്ധത്തിൽ സംഭവിച്ചതാണെന്നും പ്രശ്നം പരിഹരിച്ചതായും ഫേസ്ബുക്ക് അറിയിച്ചു. സംഭവത്തിൽ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സർക്കാരും വ്യക്തമാക്കി.

ഫേസ്ബുക്കിന് സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് നിർദേശമൊന്നും പോയിട്ടില്ല. മഹാമാരി കാലത്ത് ജനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും സർക്കാർ പറഞ്ഞു.

നേരത്തെ കോവി‍ഡ് സംബന്ധമായ അൻപതോളം പോസ്റ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് സർക്കാർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News