ബീഫ് കഴിക്കുക എന്നത് ഭരണഘടനാപരമായ അവകാശം; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍

Update: 2021-06-11 06:37 GMT
Editor : ijas
Advertising

ലക്ഷദ്വീപില്‍ ബീഫ്, ഗോവധ നിരോധനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള എം.പി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ബീഫ് കഴിക്കുന്നവരാണെന്നും തങ്ങളുടെ ഭക്ഷണശീലങ്ങള്‍ ഭരണഘടനാപരമായ അവകാശമാണെന്നും മുഹമ്മദ് ഫൈസല്‍ എം.പി ന്യൂസ് ട്രാക്ക് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഭക്ഷ്യതെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ നിർദ്ദിഷ്ട ഉത്തരവെന്നും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മാംസ ഭക്ഷണം ഒഴിവാക്കിയത് തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നും ഫൈസല്‍ വിമര്‍ശിച്ചു. 

പശു, കിടാരി, കാള, പോത്ത് തുടങ്ങിയവയെ വധിക്കുന്നതും ഏതെങ്കിലും തരത്തിൽ സൂക്ഷിക്കുന്നതും വിൽക്കുന്നതും പൂർണമായും നിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ പുതിയ കരടുനിയമം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ കെ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് നിയമനിർമാണത്തിന് മുൻകൈ എടുത്തിരിക്കുന്നത്. ഗോവധത്തിന് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശുപാർശ ചെയ്യുന്നതാണ് നിയമം.

'ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021' എന്ന പേരിലാണ്​ നിയമം തയാറാക്കിയത്​. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത്​ ഇതുപ്രകാരം കുറ്റകരമാണ്​. പശു മാംസം കൈവശം വെച്ചാലും നടപടിയെടുക്കും. ബീഫും ബീഫ്​ ഉൽപന്നങ്ങളും കൊണ്ടുപോകുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷ നടപടി സ്വീകരിക്കുന്നതിനും നിയമത്തിൽ വകുപ്പുണ്ട്​. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കിൽ പ്രത്യേക അനുമതി വേണം.

Tags:    

Editor - ijas

contributor

Similar News