ബോർഡ് പരീക്ഷ റദ്ദാക്കിയതിന് മോദിക്ക് നന്ദി രേഖപ്പെടുത്തി ട്വീറ്റ് ചെയ്യണം; വിദ്യാർത്ഥികൾക്ക് കേന്ദ്രീയ വിദ്യാലയയുടെ നിർദേശം
#ThankyouModiSir എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്യാനാണ് വിദ്യാർത്ഥികളോട് മേലധികാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്യണമെന്ന് വിദ്യാർത്ഥികൾക്ക് സമ്മർദം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ റദ്ദാക്കിയത്. എന്നാൽ, ഇതിന് മോദിക്ക് നന്ദി രേഖപ്പെടുത്തി #ThankyouModiSir എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്യാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രീയ വിദ്യാലയ അധികൃതർ.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രീയ വിദ്യാലയ അധികൃതരാണ് വിദ്യാർത്ഥികൾക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നിർദേശം കൈമാറിയിരിക്കുന്നത്. എറണാകുളം, ബംഗളൂരു എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ അധ്യാപകർ മുഖേന ഉന്നതവൃത്തങ്ങൾ വിദ്യാര്‍ത്ഥികളോട് ഇക്കാര്യം നിര്‍ദേശിച്ചതിന്‍റെ വാട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
Schools forcing kids to post tweets thanking Modi and Pokhriyal for cancelling the board exams.
— Raj S || রাজ শেখর (@DiscourseDancer) June 4, 2021
From @redditindia pic.twitter.com/aGEcOK9C6M
ThankyouModiSir എന്ന ഹാഷ്ടാഗോടെയുള്ള വിദ്യാർത്ഥികളുടെ അഞ്ചു വിഡിയോ ട്വീറ്റ് എങ്കിലും ഓരോ സ്‌കൂളുകളിൽനിന്നും അയക്കാനായിരുന്നു മേലധികാരികളുടെ ഉത്തരവ്. ബംഗളൂരു മേഖലയിലെ മുഴുവൻ പ്രിൻസിപ്പൽമാർക്കുമാണ് നിർദേശം ലഭിച്ചത്. വ്യാപകമായി പങ്കുവച്ചില്ലെങ്കിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമിടയിലെങ്കിലും ഇക്കാര്യം പ്രചരിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. ഇതേതുടർന്ന് നിരവധി വിദ്യാർത്ഥികൾ ഒരേ മാതൃകയിൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഈ പരീക്ഷണഘട്ടത്തിൽ വിദ്യാർത്ഥി സമൂഹത്തിനൊപ്പം നിന്നതിന് പ്രധാനമന്ത്രിക്ക് നന്ദി എന്നാണ് വിഡിയോ ട്വീറ്റുകളിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പേര്, കേന്ദ്രീയ വിദ്യാലയത്തിന്റെ പേര്, സ്ഥലം എന്നിവ ചേർത്ത ട്വീറ്റുകളിൽ പ്രധാനമന്ത്രിയെ ടാഗ് ചെയ്തിട്ടുമുണ്ട്. യൂനിഫോമിലാണ് വിദ്യാര്‍ത്ഥികള്‍ വിഡിയോ സന്ദേശം നൽകിയിരിക്കുന്നത്.
The 'Modi' toolkit
— Pratik Sinha (@free_thinker) June 4, 2021
From Agra to Bangalore to Gomtinagar to Kollam to Sitapur.
Format:
1) Student Name
2) Name of KV + name of town/city.
3) "expressing his gratitude"/"expressing her gratitude" based on gender.
5) Tag or mention the PM
At least spare the children Mr Modi. pic.twitter.com/ozdkBBdFZ2
സമാനമായ സന്ദേശം തങ്ങൾക്കും ലഭിച്ചിട്ടുണ്ടെന്ന് എറണാകുളം കേന്ദ്രീയ വിദ്യാലയുമായി ബന്ധപ്പെട്ട ഒരു വൃത്തം പ്രതികരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത്തരമൊരു ഉത്തരവ് അനൗദ്യോഗികമായി പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. വിവാദമൊഴിവാക്കാൻ വേണ്ടിയാണ് ഔദ്യോഗികമായി സർക്കുലർ പുറത്തിറക്കാതിരുന്നത്. അപ്രഖ്യാപിത ഉത്തരവിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾക്കുമേലും രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് പതിവില്ലാത്തതാണെന്നും ഇത് ഏകാധിപത്യ നയമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.