ഹീനമായ പ്രവൃത്തി; ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച പൊലീസുകാരന് മുന്‍കൂര്‍ജാമ്യം നിഷേധിച്ച് കോടതി

22 വയസുകാരനായ പുനിത് കെ.എല്‍ എന്ന ദളിത് യുവാവിനെയാണ് പൊലീസുകാരന്‍ ക്രൂമായി മര്‍ദിച്ച് മൂത്രം കുടിപ്പിച്ചത്.

Update: 2021-06-03 04:59 GMT

ദളിത് യുവാവിനെ കസ്റ്റഡിയില്‍ ബലംപ്രയോഗിച്ച് മൂത്രം കുടിപ്പിച്ച പൊലീസുകാരന് കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചു. കര്‍ണാടകയിലെ ചിക്മംഗളൂരു കോടതിയാണ് സബ് ഇന്‍സ്‌പെക്ടറായ അര്‍ജുന്‍ ഗൗഡക്ക് ജാമ്യം നിഷേധിച്ചത്. വളരെ ഹീനമായ പ്രവൃത്തിയാണ് പൊലീസുകാരന്‍ ചെയ്തതെന്ന് കോടതി നീരക്ഷിച്ചു. യുവാവിന്റെ ശരീരത്തില്‍ മൂത്രമൊഴിപ്പിക്കുക മാത്രമല്ല തറയില്‍ നിന്ന് അത് നക്കാന്‍ ആവശ്യപ്പെട്ടതിലൂടെ ഒരു വ്യക്തിയുടെ മാന്യത തകര്‍ക്കുകയാണ് ചെയ്തതെന്ന് കോടതി പറഞ്ഞു.

22 വയസുകാരനായ പുനിത് കെ.എല്‍ എന്ന ദളിത് യുവാവിനെയാണ് പൊലീസുകാരന്‍ ക്രൂമായി മര്‍ദിച്ച് മൂത്രം കുടിപ്പിച്ചത്. പുനിത് വെള്ളം ചോദിച്ചപ്പോള്‍ മറ്റൊരു തടവുകാരനോട് മൂത്രമൊഴിക്കാന്‍ ആവശ്യപ്പെട്ട അര്‍ജുന്‍ ഗൗഡ പുനിതിനോട് തറയില്‍ നിന്ന് നക്കിക്കുടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അനധികൃതമായി തടവില്‍ വെക്കുകയും കസ്റ്റഡിയില്‍ പീഡിപ്പിക്കുകയും ചെയ്തതിനാല്‍ സി.ആര്‍.പി.സി 197ാം വകുപ്പിന്റെ ആനുകൂല്യം (ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെങ്കില്‍ മേല്‍ ഉദ്യോഗസ്ഥന്റെ അനുമതി വേണം) പൊലീസുകാരന് കിട്ടില്ലെന്നും കോടതി പറഞ്ഞു. പ്രതിസ്ഥാനത്ത് ഒരു പൊലീസുകാരനും അക്രമത്തിനിരയായത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിലെ യുവാവുമായതിനാല്‍ പരാതി നല്‍കാന്‍ വൈകിയെന്ന ന്യായീകരണം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News