ഗഡ്കരി കുടുംബത്തിന് സ്‌കാനിയ കമ്പനിയുടെ ആഡംബര ബസ് നല്‍കിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

തനിക്കോ കുടുംബത്തിനോ സ്‌കാനിയ ആഡംബര ബസ്സ് ഇടപാടില്‍ പങ്കില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് പുറത്തുവന്ന രേഖകള്‍

Update: 2021-04-14 10:28 GMT
Editor : ubaid | Byline : Web Desk

ഗഡ്കരി കുടുംബത്തിന് സ്‌കാനിയ കമ്പനിയുടെ ആഡംബര ബസ് നല്‍കിയതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. ഇന്ത്യയില്‍ കരാറുകള്‍ ലഭിക്കാന്‍ ഗഡ്കരി കുടുംബത്തിന് ആഡംബര ബസ് സ്‌കാനിയ കമ്പനി നല്‍കിയെന്ന വാര്‍ത്ത ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ ബസ്സിടപാടില്‍ ഗഡ്കരിയുടെ മക്കളുടെ പങ്ക് സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. തനിക്കോ കുടുംബത്തിനോ സ്‌കാനിയ ആഡംബര ബസ്സ് ഇടപാടില്‍ പങ്കില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് പുറത്തുവന്ന രേഖകള്‍. മാധ്യമ കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് പുതിയ രേഖകള്‍ പുറത്തുവന്നത്. ഗഡ്കരിയുടെ മക്കളായ നിഖില്‍ ഗഡ്കരി, സാരംഗ് ഗഡ്കരി എന്നിവര്‍ സ്‌കാനിയ കമ്പനിയുമായി നടത്തിയ ആശയവിനിമയങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പുറത്തുവന്നത്.

Advertising
Advertising

2015 മാര്‍ച്ചില്‍ കര്‍ണാടകയിലെ സര്‍സപുരയില്‍ ഇന്ത്യയിലെ ആദ്യ പ്ലാന്റ് സ്ഥാപിച്ചതിന് രണ്ട് മാസങ്ങള്‍ക്കകം ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് ആഡംബര ബസിനായി സ്‌കാനിയ കമ്പനിയെ ഗഡ്കരിയുടെ മക്കള്‍ ബന്ധപ്പെട്ടു.  ബസ്സിനായി ചര്‍ച്ച നടക്കുന്നതിനിടെ സാരംഗ് ഗഡ്കരി സ്‌കാനിയയുടെ ബെംഗളൂരുവിലെ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സുദര്‍ശന്‍ ഹോസ്പിറ്റാലിറ്റി എന്ന സ്വകാര്യ സ്ഥാപനമാണ് ഗഡ്കരി സഹോദരങ്ങള്‍ക്ക് വേണ്ടി ബസ് പാട്ടത്തിനെടുത്തത്. ഇതിനായി സുദര്‍ശന ഹോസ്പിറ്റാലിറ്റിക്ക് വായ്പയായി പണം നല്‍കിയത് സാരംഗ് ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള മാനസ് അഗ്രോ എന്ന സ്ഥാപനമാണെന്നും രേഖകള്‍ പറയുന്നു. എന്നാല്‍ മുഴുവന്‍ തുകയും നല്‍കിയിട്ടില്ലെന്നും ബാക്കി വന്ന തുകയ്ക്കായിട്ട് ഗഡ്കരി സഹോദരങ്ങളെ ബന്ധപ്പെട്ടതായും സ്‌കാനിയ കമ്പനിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News