'അന്ന് ബസിറങ്ങി നടന്ന്, കൈയിലൊരു ബാഗും തോളിലൊരു തോർത്തുമുണ്ടും ഇട്ടിട്ടൊരു വരവുണ്ട് തൃശൂർ ടൗൺഹാളിലേക്ക്'

''അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് രാഷ്ട്രീയത്തടവുകാരായ ഏറ്റവും പ്രധാനപ്പെട്ട വിദ്യാർത്ഥി നേതാക്കളിൽ ഒരാളായിരുന്നു കോടിയേരി. ജെ.പി മൂവ്‌മെന്റിന്റെ മുൻനിരയിലുണ്ടായിരുന്ന ലാലു പ്രസാദ് യാദവും ഡൽഹി യൂനിവേഴ്‌സിറ്റിയിൽ എ.ബി.വി.പി നേതാവായിരുന്ന അരുൺ ജെയ്റ്റ്‌ലിയുമുണ്ടായിരുന്നു.''

Update: 2022-10-02 16:53 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്തെ കോടിയേരി ബാലകൃഷ്ണനെ ഓർത്തെടുത്ത് സി.എം.പി നേതാവ് സി.പി ജോൺ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ രാഷ്ട്രീയത്തടവുകാരായ പ്രമുഖ വിദ്യാർത്ഥി നേതാക്കളിൽ ഒരാളായിരുന്നു കോടിയേരിയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ ഒരു വരട്ടുവാദവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും മീഡിയവൺ 'സ്‌പെഷൽ എഡിഷനി'ൽ സി.പി ജോൺ അഭിപ്രായപ്പെട്ടു.

വളരെ ചെറുപ്പത്തിൽ, 20-ാം വയസിലാണ് കോടിയേരി എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്. പ്രസിഡന്റ് അന്ന് ജി. സുധാകരനാണ്. 1975 ആയപ്പോഴാണ് മിസ രാഷ്ട്രീയ തടവുകാരനായി അദ്ദേഹം മാറുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയത്തടവുകാരായ വിദ്യാർത്ഥി നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം-സി.പി ജോൺ പറഞ്ഞു.

''എ.കെ.ജിയെപ്പോലുള്ള ആളുകൾ അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതുന്നുണ്ട്. ഇ.എം.എസ്സും പുറത്തുനിന്ന് പോരാടുന്നുണ്ട്. ജനസംഘത്തിന്റെ നേതാക്കളുണ്ട്. ജോർജ് ഫെർണാണ്ടസുണ്ട്. വിദ്യാർത്ഥി നേതാക്കളിൽ ജെ.പി മൂവ്‌മെന്റിന്റെ മുൻനിരയിലുണ്ടായിരുന്ന ലാലു പ്രസാദ് യാദവും ഡൽഹി യൂനിവേഴ്‌സിറ്റിയിൽ എ.ബി.വി.പി നേതാവായിരുന്ന അരുൺ ജെയ്റ്റ്‌ലിയുമുണ്ടായിരുന്നു. അക്കൂട്ടത്തിൽ കോടിയേരിയും.''

ജയിലിൽ കിടക്കുന്ന സമയത്ത് സി.കെ ശശി എന്ന സി.എച്ച് കണാരന്റെ മകനാണ് അന്ന് പാർട്ടിയുടെ ആക്ടിങ് സെക്രട്ടറി. സി.കെ ശശി വന്നിട്ട് നടത്തുന്ന ജയിലിലെ റിപ്പോർട്ടിൽ കോടിയേരിയുടെ കാര്യവും പറയും. ജയിലിൽനിന്ന് ഇറങ്ങിവന്ന സമയത്ത് അദ്ദേഹത്തിന് കൊടുത്ത സ്വീകരണത്തിൽ പ്രസംഗിക്കാനുള്ള അവസരം എനിക്കുണ്ടായിരുന്നു. അദ്ദേഹം വരുന്ന ആ വരവ് എന്റെ മുൻപിലുണ്ട്, തൃശൂർ ടൗൺഹാളിലേക്ക്. കാറിലൊന്നുമല്ല വരുന്നത്. ബസിറങ്ങി നടന്ന്, കൈയിലൊരു ബാഗും തോളിലൊരു തോർത്തുമുണ്ടും ഇട്ടിട്ടാണ് വരവ്-അദ്ദേഹം ഓർത്തെടുത്തു.

Full View

ഇപ്പോൾ കാണുന്നതിനെക്കാളും സീനിയറായ ആളെപ്പോലയാണ് നടന്നിരുന്നത്. അദ്ദേഹത്തിന് ഒരുപാട് വയസുണ്ടെന്നൊക്കെ പലരും തെറ്റിദ്ധരിക്കുകയും അദ്ദേഹത്തെക്കുറിച്ച് രസകരമായ കഥകളൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് 24-25 വയസൊക്കെയായിരുന്നു അദ്ദേഹത്തിന്. വളരെ ടഫ് ആയ, സീനിയർ നേതാവ് വരുന്ന പോലെയാണ് അദ്ദേഹം വന്നത്. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ ഇങ്ങനെയൊന്ന് പ്രസംഗിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ട്. ഓരോ വാക്കും അതു പറയേണ്ടിടത്തു മാത്രം പറഞ്ഞായിരുന്നു പ്രസംഗം. വളരെ അക്ക്യുറേറ്റ് ആയ പ്രസംഗമായിരുന്നു. അതിൽ അനാവശ്യമായ പൊടിപ്പും തൊങ്ങലോ ഒന്നുമുണ്ടാകില്ല. രാഷ്ട്രീയത്തിൽ ഒരു വരട്ടുവാദവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പാർട്ടിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും സി.പി ജോൺ കൂട്ടിച്ചേർത്തു.

Summary: CPI leader CP John commemorates Kodiyeri Balakrishnan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News