ജർമനി വീണത് ശ്രീജേഷിന് മുന്നിൽ

ഗോൾപോസ്റ്റിന് മുന്നിൽ പാറപോലെ ഉറച്ചുനിന്ന ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യക്ക് കാത്തുകാത്തിരുന്നൊരു മെഡൽ കൊണ്ടുവന്നത്. അക്രമിച്ചു കളിച്ച ജർമൻ താരങ്ങൾ ഗോൾമുഖം നിരന്തരം വിറപ്പിച്ചെങ്കിലും ശ്രീജേഷിനെ മാത്രം കീഴ്‌പ്പെടുത്താനായില്ല.

Update: 2021-08-05 05:32 GMT
Editor : rishad | By : Web Desk
Advertising

നീണ്ട 41 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടുമ്പോൾ നിർണായക ശക്തിയായി മലയാളി താരം പി. ആർ ശ്രീജേഷ്. ഗോൾപോസ്റ്റിന് മുന്നിൽ പാറപോലെ ഉറച്ചുനിന്ന ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യക്ക് കാത്തുകാത്തിരുന്നൊരു മെഡൽ കൊണ്ടുവന്നത്. അക്രമിച്ചു കളിച്ച ജർമൻ താരങ്ങൾ ഗോൾമുഖം നിരന്തരം വിറപ്പിച്ചെങ്കിലും ശ്രീജേഷിനെ മാത്രം കീഴ്‌പ്പെടുത്താനായില്ല.

പ്രതിരോധത്തിന് പിഴച്ചപ്പോൾ ഗോൾകീപ്പർ രക്ഷക്കെത്തുന്ന കാഴ്ചയായിരുന്നു ജർമനിക്കെതിരെ കണ്ടത്. ഇത് ആദ്യമായല്ല ശ്രീജേഷ് ഇന്ത്യയുടെ രക്ഷക്കെത്തുന്നത്. ടോകിയോ ഒളിമ്പികസിൽ ഇന്ത്യയുടെ നിർണായക ഘട്ടങ്ങളിലെല്ലാം ഈ മലയാളിയുടെ സാന്നിധ്യമുണ്ടായിരുന്നു. ശ്രീജേഷിന്റെ അനുഭവ സമ്പത്തും കളി മികവും ഇന്ത്യക്ക് മുതൽകൂട്ടാകുന്ന കാഴ്ച. അതിന്റെ ഉത്തമ ഉദാഹരണായിരുന്നു ജർമനിക്കെതിരെ അവസാന നിമിഷം കണ്ടത്.


സ്‌കോർ 5-4ന് ഇന്ത്യ മുന്നിൽ. കളി തീരാൻ ഏതാനും നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ ജർമനിക്ക് നിർണായകമായൊരു പെനൽറ്റി കോർണർ ലഭിക്കുന്നു. ഇന്ത്യക്കാരുടെ ചങ്ക് പിടഞ്ഞ നിമിഷം. ജർമൻ താരങ്ങൾ എന്തോ വലിയത് കിട്ടി എന്ന മട്ടിൽ പന്ത് വലയ്ക്കുള്ളിലെത്തിക്കാൻ തയ്യാറെടുക്കുന്നു. എന്നാൽ ഇതൊന്നും ശ്രീജേഷിനെ കുലുക്കിയില്ല. ആ ഗോൾ തടുത്തതോടെ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. മത്സര ശേഷം ശ്രീജേഷിന്റെ അമ്മയും ഭാര്യയും പറഞ്ഞപോലെ സ്വർണത്തേക്കൾ മൂല്യമുള്ളൊരു വെങ്കല മെഡൽ.

മത്സരം ശേഷം സമൂഹമാധ്യമങ്ങളിലൊക്കെ മിന്നിത്തിളങ്ങിയതും ശ്രീജേഷായിരുന്നു. ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ ശ്രീജേഷിന്റെ പ്രകടന മികവ് പ്രത്യേകം എടുത്തുപറയുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ശ്രീജേഷിന്‍റെ ബയോപിക് എപ്പോള്‍ വരും എന്നുവരെ ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News