മീരാഭായ് ചാനുവിന്‍റെ വെള്ളി മെഡല്‍ സ്വര്‍ണമാകില്ല

ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര പരിശോധന ഏജൻസി

Update: 2021-07-28 10:29 GMT
Advertising

ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാഭായ് ചാനുവിന് വെള്ളി തന്നെ. സ്വർണം നേടിയ ചൈനയുടെ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ചൈനീസ് താരം മരുന്ന് ഉപയോഗിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര പരിശോധന ഏജൻസി വ്യക്തമാക്കി.

വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തിലെ വെള്ളിയോടെ ടോക്യോ ഒളിംപിക്സില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ കൊണ്ടുവന്നത് മീരാഭായി ആണ്. പിന്നാലെയാണ് സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന അഭ്യൂഹം പരന്നത്. പരിശോധനാ ഫലത്തില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞാല്‍ മെഡല്‍ റദ്ദാക്കുമെന്നും മീരയുടെ വെള്ളി സ്വര്‍ണമാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മീരാഭായ് ചാനു ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോഴും ഷിഹൂയിയോട് ടോക്യോയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരം ഉത്തേജകം ഉപയോഗിച്ചെന്നും പരിശോധന നടത്തുമെന്നുമുള്ള അഭ്യൂഹം പടര്‍ന്നത്. എന്നാല്‍ ഉത്തേജകം ഉപയോഗിച്ചവരുടെ പേര് രഹസ്യമാക്കി വെക്കാറില്ലെന്നും ഷിഹൂയി ഉത്തേജകം ഉപയോഗിച്ചതായി വിവരമില്ലെന്നും ടെസ്റ്റിങ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

ഭാരോദ്വഹനത്തില്‍ ഒളിംപിക് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ് ചാനു. നേരത്തെ സിഡ്‌നി ഒളിംപിക്സിലാണ് ഇന്ത്യന്‍ താരമായ കര്‍ണം മല്ലേശ്വരി വെള്ളി മെഡല്‍ നേടിയത്. 2000ത്തിലായിരുന്നു ഇത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News