നിയമം ലംഘിച്ചവർക്കുള്ള ഒമാന്റെ പൊതു മാപ്പ് മാർച്ച് 31 വരെ
രാജ്യം വിടാൻ ഇതുവരെ 65173 പേരാണ് രജിസ്റ്റർ ചെയ്തത്
തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്നവർക്കായി സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. മാർച്ച് 31ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ സാധാരണ രീതിയിലായിരിക്കും പരിഗണിക്കുകയെന്നും നിയമലംഘകർ പിഴയൊടുക്കേണ്ടിവരുമെന്നും തൊഴിൽ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് മാർച്ച് 31 വരെ നീട്ടുകയായിരുന്നു. പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി രാജ്യം വിടാൻ ഇതുവരെ 65173 പേരാണ് രജിസ്റ്റർ ചെയ്തതെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. ഇതിൽ 46355 പേർ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു. മാർച്ച് 31 വരെയുള്ള അധിക സമയത്ത് അപേക്ഷിച്ച് അനുമതി ലഭിച്ചവർ ജൂൺ 30നകം രാജ്യം വിടുകയും വേണം.
മാനവ വിഭവശേഷി മന്ത്രാലയം വെബ്‌സൈറ്റിൽ സനദ് സെൻറുകൾ വഴിയോ സാമുഹിക പ്രവർത്തകർ വഴിയോ രജിസ്റ്റർ ചെയ്യുന്നതാണ് ആദ്യത്തെ ഘട്ടം. ഏഴ് ദിവസത്തിന് ശേഷം മന്ത്രാലയത്തിൽ നിന്ന് ക്ലിയറൻസ് ലഭിക്കും. ഈ ക്ലിയറൻസ് ഉപയോഗിച്ച് പാസ്പോര്‍ട്ട് ഉള്ളവർക്ക് ടിക്കറ്റെടുത്ത് പി.സി.ആർ ടെസ്റ്റ് നടത്തി രാജ്യം വിടാവുന്നതാണ്. പാസ്‌പോർട്ട് ഇല്ലാത്തവർക്ക് അതാത് എംബസികൾ ഔട്ട് പാസും നൽകും.