നേമത്ത് ഉമ്മൻചാണ്ടിയോ കെ മുരളീധരനോ മത്സരിക്കാന്‍ സാധ്യത

നിർബന്ധങ്ങള്‍ക്ക് വഴങ്ങി ഉമ്മന്‍ചാണ്ടി നേമത്ത് വന്നാല്‍ ചാണ്ടി ഉമ്മന്‍ പുതുപള്ളിയില്‍ മത്സരിച്ചേക്കും.

Update: 2021-03-11 00:43 GMT

പി സി ചാക്കോയുടെ രാജിയിലും ഗ്രൂപ്പിലും തട്ടി സ്ഥാനാർഥി ചർച്ചകൾ നീളവേ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. ഉമ്മൻചാണ്ടി ഒഴികെ 70 വയസിന് മുകളിലുള്ള ആരും മത്സരിച്ചേക്കില്ല. നേമത്ത് ഉമ്മൻചാണ്ടിയോ കെ മുരളീധരനോ മത്സരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് യോഗം ചേരും.

ഇടത് പക്ഷത്തിന്റെ സ്ഥാനാർഥി നിർണയത്തിന് ശേഷവും സ്ഥാനാർഥി ചർച്ച ഗ്രൂപ്പിൽ തട്ടി നീളുന്നതിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്. കേരളത്തിലെ ഗ്രൂപ്പിസം ഉന്നയിച്ച് പി സി ചാക്കോ രാജിവച്ചതിലും ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. അതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് എത്രയും പെട്ടെന്ന് അന്തിമ പട്ടിക തയ്യാറാക്കണമെന്നാണ് നിർദേശം. വലിയ പൊളിച്ചെഴുത്തോടെയാകും പട്ടിക എന്നാണ് സൂചന.

Advertising
Advertising

ഉമ്മന്‍ചാണ്ടി ഒഴികെ 70ന് മുകളിൽ പ്രായമായ ആരും മത്സരിച്ചേക്കില്ല. സിറ്റിങ് എംഎഎല്‍എ ആയതിനാല്‍ തിരുവഞ്ചൂർ രാധാകൃഷ്ണനും ഇളവ് ലഭിച്ചേക്കും. നേമത്ത് ശക്തമായ മത്സരം കാഴ്ചവക്കണമെന്നതിനാല്‍ ഉമ്മന്‍ചാണ്ടി മത്സരിക്കട്ടെ എന്നാണ് ഹൈക്കമാന്‍ഡ് നിർദേശം. എന്നാല്‍ സാമുദായിക പിന്തുണ അടക്കം പരിഗണിക്കവെ ആത്മവിശ്വാസത്തിലല്ല ഉമ്മന്‍ചാണ്ടി. അതിനാല്‍ കെ മുരളീധരന് പ്രത്യേക ഇളവ് നല്‍കി മത്സരിപ്പിക്കാനും നീക്കമുണ്ട്. വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

നിർബന്ധങ്ങള്‍ക്ക് വഴങ്ങി ഉമ്മന്‍ചാണ്ടി നേമത്ത് വന്നാല്‍ ചാണ്ടി ഉമ്മന്‍ പുതുപള്ളിയില്‍ മത്സരിച്ചേക്കും. മാത്യു കുഴൽനാടനെ മൂവാറ്റുപുഴയിലും ജോസഫ് വാഴയ്ക്കനെ തൃക്കാക്കരയിലും പി ടി തോമസിനെ പീരുമേടും ആണ് പരിഗണിക്കുന്നത്. സ്ക്രീനിംഗ് കമ്മിറ്റി രൂപം നൽകുന്ന സ്ഥാനാർഥി പട്ടികയും എഐസിസി സർവ്വേയും പരിശോധിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനത്തിലെത്തുക.

Tags:    

Similar News