എ.സി ഉപയോഗിക്കുന്നവർ ഇക്കാര്യം മറക്കരുത്

അമിതമായ എസി ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന സംശയം പലർക്കുമുണ്ട്.

Update: 2023-03-30 06:33 GMT
Advertising

വേനൽ കത്തിനിൽക്കുകയാണല്ലേ..എസി ഇല്ലാതെ ഒട്ടും വയ്യ എന്നതാണ് പലരുടെയും അവസ്ഥ. എന്നാൽ അമിതമായ എസി ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന സംശയം പലർക്കുമുണ്ട്. ചൂടുകാലത്ത് എസി ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? 

അലർജി, ആസ്ത്മയുള്ളവർ, മൂക്കിൻറെ പാലത്തിന് വളവ് ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ ഇവർക്കൊക്കെ തുടർച്ചയായ എസി ഉപയോഗം അത്ര നല്ലതല്ല. അധികമായി എസിയിൽ ഇരിക്കുമ്പോഴുള്ള മൂക്കടപ്പ്, തുടർച്ചയായ തുമ്മൽ എന്നിവ എസി അലർജിയുടെതാണ്. സെൻട്രലൈസ്ഡ് എസിയിൽ പകർച്ചവ്യാധികൾ പകരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കൃത്യമായി വൃത്തിയാക്കുന്നില്ലെങ്കിൽ ഇത് സിക്ക് ബിൽഡിങ് സിൻഡ്രോമിന് കാരണമായേക്കാം എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ചർമ്മം വരളാനും, ചൂട് സഹിക്കാനുള്ള ശക്തി കുറയാനും സ്ഥിരമായ എസി ഉപയോഗം കാരണമാകുന്നു. ഇതു കൂടാതെ ശ്വസന സംബന്ധമായ രോഗങ്ങൾ, ശരീര വേദന, വാത രോഗങ്ങൾ, മുടിയുടെ വരൾച്ച എന്നിവയ്ക്കും കാരണമാകുന്നു. 

മുൻകരുതലുകൾ :

• എസി മുറിയില്‍ കഴിയുന്നവര്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. ഇത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മവരള്‍ച്ച തടയാനാകും. വെള്ളം കുടിക്കാന്‍ ദാഹം തോന്നുന്നത് വരെ കാത്തിരിക്കരുത്. എ.സി. മുറിയില്‍ മിക്കപ്പോഴും ദാഹം തോന്നണമെന്നില്ല.

• എയര്‍ കണ്ടീഷണറിന്റെ തൊട്ടടുത്തിരുന്ന് തണുത്ത കാറ്റ് നേരിട്ട് ഏൽകുന്നത് ഒഴിവാക്കുക.

•മുറിയിലെ താപനില അനുയോജ്യമായ തരത്തില്‍ ക്രമീകരിക്കുക. കടുത്ത തണുപ്പ് ഒഴിവാക്കുക.

എയര്‍ കണ്ടീഷണറുകളുടെ താപനില 24 ഡിഗ്രി സെല്‍ഷ്യസാക്കി ക്രമപ്പെടുത്തണമെന്ന് നേരത്തെ ഊര്‍ജമന്ത്രാലയം നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇത് ഊര്‍ജലാഭം മാത്രമല്ല ആരോഗ്യത്തിന് അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. മനുഷ്യ ശരീരോഷ്മാവ് 36 നും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ഇതിനോട് അനുയോജ്യമായ തരത്തില്‍ ക്രമീകരിക്കുന്നതായിരിക്കും നല്ലത്.

•എ.സി. മുറിയില്‍ പേപ്പറുകളും മറ്റും കൂട്ടിയിടരുത്. ഇതില്‍ പൊടിപിടിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടാന്‍ ഇടയുണ്ട്. 

• എ.സിയുടെ ഫില്‍ട്ടറുകള്‍ ആറുമാസത്തിലൊരിക്കല്‍ വൃത്തിയാക്കണം. പൊടി തങ്ങിനിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാകും.

• ചര്‍മത്തിന് വരള്‍ച്ചയുണ്ടായി ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കാരം കുറഞ്ഞ സോപ്പ് ഉപയോഗിക്കുക. 




Tags:    

Writer - abs

contributor

Editor - abs

contributor

By - ഡോ. റിസ്‌വ ശിരീൻ

contributor

Dr. Basil's Homoeopathic Hospital പാണ്ടിക്കാട്, മലപ്പുറം

Similar News